കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള പ്രചാരണ പരിപാടിയുടെ ഭാഗമായി ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ശുചിത്വ മേഖലയായി രൂപപ്പെടുത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം), തദേശഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതി നടപ്പാക്കുന്നു. ഫോര്‍ട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും ‘ക്ലീന്‍ ഡസ്റ്റിനേഷന്‍’ എന്ന പദ്ധതി ആദ്യം നടപ്പാക്കും. കൊച്ചി മുന്‍സിപ്പല്‍ കോര്പ്പറേഷന്, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ടൂറിസം മേഖലയിലെ സംരംഭകര്‍, മറ്റ് സംഘടനകള്‍, സ്ഥലവാസികള്‍ എന്നിവരുടെ സഹകരണത്തോടെയുള്ള ബൃഹത്തായ പദ്ധതിയാണ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഇതിനായി രൂപംകൊടുത്തത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുചിത്വ പരിപാടി നടപ്പാക്കുകയും കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ സമ്പൂര്‍ണ ശുചിത്വ സംരക്ഷണ മേഖലയായി നിര്‍ത്തുക എന്നതും ജനകീയപങ്കാളിത്തത്തോടെ സൗന്ദര്യവത്ക്കരണം നടപ്പാക്കുക എന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ജനപങ്കാളിത്തത്തോടെ ഫോര്‍ട്ട് കൊച്ചിയെ ലോകോത്തര പൈതൃക നഗരമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് ഫോര്‍ട്ട് കൊച്ചിയില്‍ വാസ്കോഡഗാമ സ്ക്വയറില്‍ രാവിലെ 7 മണിക്ക് ‘ക്ലീന്‍ ഡസ്റ്റിനേഷന്‍’പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മിണി പറഞ്ഞു.
കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ്, ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗം ജോസ് ഡോമിനിക്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി കെ അഷ്റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഫോര്‍ട്ടുകൊച്ചിയെ ഗാര്ഡന് സിറ്റി ആക്കുക എന്നതാണ് ലക്ഷ്യമെന്നു മേയര്‍ പറഞ്ഞു. ഇതിനായി ഫോര്‍ട്ട് കൊച്ചി ബീച്ച് സീറോ വെസ്റ്റ് ഡസ്റ്റിനേഷന്‍ ആക്കും. ഉച്ചവരെ ഫോര്‍ട്ട് കൊച്ചി ഹെറിറ്റേജ് ടൂറിസം സൊസൈറ്റിയും ഉച്ചയ്ക്ക് ശേഷം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെയും മേല്‍നോട്ടത്തില്‍ ശുചീകരണം നടപ്പാക്കാന്‍ പദ്ധതി തയാറാക്കി കഴിഞ്ഞെന്നും മേയര്‍ അറിയിച്ചു.
പ്രതിദിനം 15 പേരെ ശുചീകരണത്തിന് മാത്രമായി നിയോഗിക്കും. മാലിന്യം നീക്കം ചെയ്യാന്‍ ഒരു ലോറി പൂര്‍ണമായും ബീച്ചില്‍ അനുവദിക്കും. ഇതിനായി പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 30 ലക്ഷം രൂപ ഇതിനായി ചെലവാകും. ഇത് കൊച്ചി നഗരസഭ വഹിക്കും. അടുത്ത കൗണ്‍സിലില്‍ അംഗീകാരം വാങ്ങിയ ശേഷം സര്‍ക്കാരിന്റെ അംഗീകാരം തേടും. 12 ടോയിലറ്റുകളില്‍ 8 എണ്ണം സ്ത്രീകള്‍ക്ക് മാത്രമാകും. ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. ഇവിടെ പോലീസ് എയിഡ്പോസ്റ്റ് സ്ഥാപിക്കുമെന്നും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. മാസത്തില്‍ ഒരു ദിവസം ജനപ്രതിനിധികളെയും ടൂറിസം സംരംഭകരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ശുചീകരണ പ്രചാരണം സംഘടിപ്പിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും വേര് തിരിച്ച് ശേഖരിക്കാന്‍ ആവശ്യമായ രണ്ടു തരാം വെസ്റ്റ് ബിന്നുകളും ഇവിടെ സ്ഥാപിക്കും. ഫോര്‍ട്ട് കൊച്ചിയെ സീറോ വെസ്റ്റ് ബീച്ചാക്കി മാറ്റി കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം. ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടത്തി ഫോര്‍ട്ട് കൊച്ചിയെ ആകര്‍ഷകമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മേയര്‍ ടോണി ചമ്മിണി, ഡോമിനിക് പ്രസന്റെഷന് എംഎല്‍എ, ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍ എം. ജി. രാജമാണിക്യം, കെടിഎം പ്രസിഡന്റ് ജോണി എബ്രഹാം ജോര്‍ജ്, ടി.കെ. അഷ്റഫ്, ടൂറിസം സംരംഭകര്‍ തുടങ്ങി അഞ്ഞൂറോളം പേര് ഇന്ന് രാവിലെ 7 മണി മുതല്‍ രണ്ടു മണിക്കൂര്‍ നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: