വൈക്കം: തലയാഴം പഞ്ചായത്തിലെ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായ ആസാം സ്വദേശി മോഹന്‍ദാസ് (27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡെബന്നാഥി(ദേവ 35)നെ പോലീസ് തെളിവെടുപ്പിനായി തലയാഴത്തെത്തിച്ചു. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. കൊലപാതകം നടത്തിയ രീതികള്‍ പ്രതി പോലീസിനോട് വിവരിച്ചു.
പണമെടുത്തശേഷം ഉപേക്ഷിച്ച കുടുക്കകള്‍ പ്രതി പോലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിനിടയില്‍ ചോര വാര്‍ന്നപ്പോള്‍ പൊത്തിയ തലയിണയും കണ്ടെടുത്തു. ഡിവൈഎസ്പി സുനീഷ്ബാബു, സിഐ നിര്‍മല്‍ബോസ്, തലയോലപ്പറമ്പ് എസ്ഐ രജന്‍കുമാര്‍, എസ്ഐ മോഹന്‍ദാസ്, ജൂനിയര്‍ എസ്.ഐ ദിലീപ്കുമാര്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രേംഷാ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. 8,000 രൂപക്ക് വേണ്ടിയാണ് സഹപ്രവര്‍ത്തകനെ തലക്കടിച്ച് വീഴ്ത്തിയതിനുശേഷം കഴുത്തുഞെരിച്ചു കൊന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.
22ന് രാവിലെയാണ് ഗ്യാസ് ഗോഡൗണിന് പിന്നിലുള്ള നാട്ടുതോട്ടില്‍ മൃതദേഹം ചീഞ്ഞഴുകിയ നിലയില്‍ കണ്ടെത്തിയത്. പ്രതിയും കൊല്ലപ്പെട്ട മോഹന്‍ദാസും ഗ്യാസ് ഗോഡൗണിലെ ജീവനക്കാരായിരുന്നു. 16ന് രാത്രി 9.30ന് മറ്റ് ജീവനക്കാര്‍ പോയതിനുശേഷം രണ്ടുപേരും കൂടി മദ്യപിച്ചു. രാത്രി 12ന് ഉറങ്ങാന്‍ കിടന്നു. രാത്രി രണ്ട് മണിയോടെ മോഹന്‍ദാസ് പുറത്തിറങ്ങിയ സമയം വാഹനത്തിന്റെ സ്പ്രിംഗ് പ്ലെയിറ്റ് ഉപയോഗിച്ച് പിന്നില്‍ നിന്ന് ഡെബന്നാഥ് നെറ്റിഭാഗം നോക്കി ആഞ്ഞടിച്ചു. ബോധരഹിതനായ മോഹന്‍ദാസിനെ കൈലിചുറ്റി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി തലയിലടിച്ചു മരണം ഉറപ്പാക്കി. മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് തോട്ടില്‍ തള്ളി. ശേഷം സംഭവസ്ഥലം കഴുകി വൃത്തിയാക്കി മോഹന്‍ദാസിന്റെ മുറിയില്‍ കയറി ബാഗിലുണ്ടായിരുന്ന 8,000 രൂപയും സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്ന 1,500 രൂപയുടെ നാണയങ്ങളും മറ്റൊരു ജീവനക്കാരന്റെ 1,200 രൂപയുടെ നാണയങ്ങളും കവര്‍ന്നു. ഓട്ടോറിക്ഷ വിളിച്ചുവരുത്തി വൈക്കം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇറങ്ങുകയും അവിടെനിന്നും ആലുവയിലെത്തി ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: