ലണ്ടന്‍: ലണ്ടനിലും മലയാളിക്ക് കണ്ണനെ കണ്ടു തൊഴാന്‍ ക്ഷേത്രം ഉയരുന്നു. ലണ്ടനില്‍ നടന്ന പ്രഥമ ഹിന്ദു പരിഷത്തിനിടയിലാണ് ഗുരുവായൂര്‍ മാതൃകയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം ലണ്ടനില്‍ പണിയാന്‍ കൂടിയാലോചന നടന്നത്. ഈ ആശയം രൂപപ്പെട്ടപ്പോള്‍ തന്നെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്‍പിന്തുണയായിരുന്നു ലഭിച്ചത്.
പ്രവാസി മലയാളിയും ലുലു ഗ്രൂപ്പ് എം ഡിയുമായ എം.എ. യൂസഫലിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ആദ്യ വിഹിതം നല്‍കിയത്. 5,001 പൗണ്ട് (അഞ്ചു ലക്ഷം രൂപ) ലണ്ടനിലെ പ്രമുഖ വ്യവസായിയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനുമായ ടി. ഹരിദാസിനു നല്കി ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ യൂസഫലിക്ക് സാധിച്ചില്ലെങ്കിലും ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെയുണ്ടാകും എന്ന് ഉറപ്പു നല്‍കിയതായി ടി. ഹരിദാസ് യോഗത്തില്‍ പറഞ്ഞു. മലയാളി വ്യവസായിയുടെ പങ്കാളിത്തത്തെ സദസ്സ് ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും സാന്നിധ്യം സദസ്സിന് മിഴിവേകി. ക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ മേളം കൊട്ടാന്‍ എന്ത് തിരക്കുണ്ടെങ്കിലും താന്‍ ലണ്ടനില്‍ എത്തുമെന്ന് ജയറം അറിയിച്ചപ്പോള്‍ വളരെ ആവേശത്തോടെയായിരുന്നു സദസ്സ് അത് ശ്രവിച്ചത്. നടന് ശങ്കറും സന്നിഹിതനായിരുന്നു. പ്രശസ്ത നര്‍ത്തകി ജയപ്രഭ മേനോന്റെ മോഹിനിയാട്ടം, ഭക്തിഗാനമേള, ഭജന മുതലായ സാംസ്കാരിക പരിപാടികളോടെയായിരുന്നു പരിഷത്തിനു സമാപനം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: