പുത്തൂര്‍: ഇടവട്ടത്ത് ഗുണ്ടാവിളയാട്ടം. അര്‍ധരാത്രിയില്‍ ആയുധങ്ങളുമായെത്തിയവര്‍ വീടുകളാക്രമിച്ചു. അക്രമികള്‍ക്ക് പിന്നില്‍ സിപിഎമ്മെന്ന് സംശയം. ഒരുമാസക്കാലമായി പ്രദേശത്തെ രാഷ്ട്രീയസംഘടനകളുടെയും സന്നദ്ധപ്രസ്ഥാനങ്ങളുടെ കൊടിയും പരസ്യബോര്‍ഡുകളും തകര്‍ത്ത് അശാന്തി സൃഷ്ടിച്ച അക്രമികളാണ് കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരായ രഞ്ജിത്ത്, രാജശേഖരന്, ചന്ദ്രശേഖരപിള്ള എന്നിവരുടെ വീടുകള്‍ ആക്രമിച്ചത്. അക്രമത്തില്‍ വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ഇടവട്ടം സ്റ്റേഡിയം കേന്ദ്രമാക്കി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മറവിലാണ് ക്വട്ടേഷന്സംഘാംഗങ്ങളടക്കമുള്ളവര് ഇവിടെ തമ്പടിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന വിവിധ പ്രസ്ഥാനങ്ങളുടെ കൊടികള്‍ നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇടവട്ടം ശ്രീഗുരുജി സേവാസമിതിയുടെ ഓഫീസിനുമുന്നില്‍ കാവിക്കൊടി കെട്ടുകയും അത് കത്തിക്കുകയും ചെയ്ത അക്രമികള്‍ തൊട്ടടുത്തുള്ള ഡിവൈഎഫ്ഐയുടെ പതാകയും നശിപ്പിച്ചു.
ഇതിനെതിരെ സേവാസമിതി പ്രവര്‍ത്തകര്‍ എഴുകോണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് രാത്രിയില്‍ സ്റ്റേഡിയത്തിലെത്തിയ പോലീസ് സംഘം ചാലക്കുടി സ്വദേശിയായ ദീപു എന്ന ക്രിമിനലിനെ വാളുമായി പിടികൂടിയിരുന്നു. ഇയാളെ കഴിഞ്ഞദിവസം രാഷ്ട്രീയസമ്മര്‍ദത്തെ ത്തുടര്‍ന്ന് പോലീസ് വിട്ടയച്ചു. ഇയാളുടെ നേതൃത്വത്തിലാണ് ഇടവട്ടത്ത് വീടുകള്‍ക്ക് നേരെ ആക്രമം നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന രാഹുല്‍ എന്നയാളെ രാത്രിയില്‍തന്നെ പിടികൂടിയിരുന്നു. പ്രദേശത്ത് ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും പ്രാദേശിക സിപിഎം നേതൃത്വം അക്രമികളെ തള്ളിപ്പറയാന്‍ തയ്യാറാകാത്തതാണ് സംഭവങ്ങള്‍ ആസൂത്രിതമാണെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഇടവട്ടം കേന്ദ്രമാക്കി ശ്രീഗുരുജിസേവാസമിതിയും ആര്‍എസ്എസും നടത്തുന്ന ജനക്ഷേമ പരിപാടികളില്‍ വിറളി പൂണ്ട സിപിഎമ്മുകാര്‍ നേരത്തെയും സമാനമായ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു.
മറ്റ് ജില്ലകളില്‍നിന്നുള്ള അക്രമികളെ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെയും മറ്റും പേരില്‍ ഇവിടെയെത്തിച്ച് പ്രശ്നങ്ങള്‍ വഷളാക്കുകയായിരുന്നു. ഇടവട്ടത്തെ വായനശാലാപരിസരത്തുനിന്ന് മയക്കുമരുന്നിന്റെ അവശിഷ്ടങ്ങളും സിറിഞ്ചുകളും കണ്ടെത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയതോടെയാണ് അക്രമങ്ങള്‍ ആരംഭിച്ചത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പൊരീക്കല്‍ ജംഗ്ഷനില്‍ പ്രകടനം നടന്നു. ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി പുത്തൂര്‍തുളസി, ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്ക, സെക്രട്ടറി മധു വട്ടവിള, ആര്‍എസ്എസ് ജില്ലാകാര്യവാഹ് എ. വിജയന്, ആര്. ബാബുക്കുട്ടന്, ജയച്ചന്ദ്രബാബു, ആര്. അരവിന്ദന് തുടങ്ങിയവര്‍ വീടുകള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: