കൊല്ലം: പരിസ്ഥിതി ദിനാചരണപരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കാവ് സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് ഇത്തവണ പരിപാടികള്‍. ഇതിനായി ജില്ലയിലെ എഴുപത് കാവുകള്‍ തെരഞ്ഞെടുത്ത് അതിന് പരിരക്ഷ ഉറപ്പാക്കുന്നതിനായി ജൈവവേലികള്‍ നിര്‍മ്മിക്കും.
ആല്മരങ്ങള് തറകെട്ടി സംരക്ഷിക്കും. കാവുകളുടെ പ്രസക്തിയെ സംബന്ധിച്ച് പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ജൂണ്‍ 4ന് വിപുലമായ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3 മുതല്‍ 5 വരെ കാവ് ചാരുത എന്ന പേരിലുള്ള ദൃശ്യാവിഷ്കാരം സോപാനം ആഡിറ്റോറിയത്തില്‍ നടക്കും. അതോടൊപ്പം വന്യജീവി ഫോട്ടോ പ്രദര്‍ശനവും നടക്കും.
പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം 5ന് കൊട്ടിയം റീജിയണല്‍ ആനിമല്‍ ഹസ്ബെന്‍ഡറി സെന്ററില്‍ നടക്കും. ഇക്കോഷോപ്പ് എന്ന പേരില്‍ വനശ്രീഉല്പന്നങ്ങളുടെ വിപണനമേള, മഴനിറവ് ഫോട്ടോപ്രദര്‍ശനം, ആദിവാസി മേള എന്നിവയും നടക്കും. ‘എന്റെ ഭവനം ഹരിതഭവനം’’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് ഇട്ടിവ, വെളിയം പഞ്ചായത്തുകളില്‍ നടക്കും.
ജില്ലയിലെ ഒരു ലക്ഷം കിണറുകള്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതിയാണ് ‘മഴനിറവ് മനംനിറവ്’. മണ്ണൊലിപ്പ് തടയുന്നതിനും നദീസംരക്ഷണത്തിനുമായി ഇത്തിക്കര, കല്ലടയാറുകളുടെ തീരങ്ങളില്‍ മുളവെച്ചുപിടിപ്പിക്കുന്നതിനും പരിപാടിയുണ്ട്. ഗ്രാമപഞ്ചായത്തുകളുടെയും വനംവകുപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്തു മരങ്ങള്‍ ചേരുന്ന കുട്ടിവനം പദ്ധതിയാണ് ജില്ലയെ പച്ചപിടിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.
സ്കൂളുകളിലും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം ചെറുവനങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതി. മാലിന്യനിക്ഷേപമുള്ള സ്ഥലങ്ങളെ പ്രകൃതിസംരക്ഷണത്തിന്റെ മേഖലയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വനംവകുപ്പിന്റെ സഹായത്തോടെ എഴുപത് നക്ഷത്രവനങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വെച്ചുപിടിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവിടങ്ങളിലാണ്പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പരിസരങ്ങളില്‍ നൂറ് ഔഷധത്തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്കും ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 4ന് വൈകിട്ട് 3ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും.
ഓരോ വീടുകളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തികളിലും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും ജൂണ്‍ 5 മുതല്‍ 12 വരെ വാഹനമെത്തും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് സ്കൂളുകള്‍ക്കായി രണ്ട് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്ത് ഈ വര്‍ഷം നിര്‍മ്മിച്ചുനല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: