കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനെയും ഷൈനെയെയും കസ്റ്റഡിയില്‍ വാങ്ങി 4 ദിവസം ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത് പോലീസിനെ കുഴങ്ങുന്നു. രൂപേഷിനെതിരെ സംസ്ഥാനത്ത് 19 കേസുകളും ഷൈനക്കെതിരെ ഒരു കേസുമാണ് നിലവിലുള്ളത്. മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിക്ക് പെരുമ്പാവൂരില്‍ ഒളിതാവളം ഒരുക്കിയതിനും, ആന്ധ്ര പോലീസിന്റെ പിടിയില്‍ അകപ്പെട്ടശേഷം മല്ലരാജറെഡ്ഡിയുടെ വാടക വീട് കുത്തിപൊളിച്ച് കമ്പ്യൂട്ടറുകളും മറ്റ് രേഖകളും കടത്തിയ കേസിലുമാണ് ഇവരെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.
എന്നാല്‍ 2007ല്‍ ഒളിവില്‍ പോയശേഷം രൂപേഷും ഭാര്യ ഷൈനയും സംസ്ഥാനത്ത് നടത്തിയ മാവോയിസ്റ്റ് സായുധ വിപ്ലവത്തിന്റെ ചുരളഴിക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഷൊര്‍ണ്ണൂരില്‍ ട്രയിന്‍ അട്ടിമറിശ്രമം, കണ്ണൂരിലെ ക്വാറി അക്രമണം, തിരുനെല്ലായിലെ കെഎസ്എഫ്ഇ ഓഫീസ് തല്ലിതകര്‍ത്തത് തുടങ്ങി 19 ഓളം കേസിലെ രൂപേഷിന്റെ പങ്കിനെകുറിച്ച് പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി ഇവരില്‍ നിന്നും പോലീസിന് ഇതുവരെ ലഭിച്ചില്ല.
തങ്ങള്‍ പൊതുപ്രവര്ത്തകരാണെന്ന മറുപടി മാത്രമാണ് പോലീസിന് ഇവരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇരുവരെയും പെരുമ്പാവൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മല്ലരാജ റെഡ്ഡിക്ക് ഒളിതാവളം ഒരുക്കിയത് സംബന്ധിച്ച അന്വേഷണത്തിനായിരുന്നു തെളിവെടുപ്പ്. എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ തെളിഞ്ഞിട്ടുള്ളതാണ്.
ഇരുവരെയും കസ്റ്റഡിയില്‍ നല്കുമ്പോള് കോടതി ചില നിബന്ധകള്‍ വച്ചിരുന്നു. ചോദ്യം ചെയ്യുന്നതിന് മുമ്പ് ഇവരുടെ അഭിഭാഷകനെ അറിയിക്കണമെന്നും അഭിഭാഷകന് ഇവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും, മാനസീക- ശാരീരിക പീഡനം ഉണ്ടാകരുതെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലില്‍ പോലീസിന് മിതത്വം പാലിക്കേണ്ടതായും വരുന്നു. പത്ത് ദിവസത്തേക്കാണ് കോടതി ഇവരെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.
ഇതിനിടെ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അനൂപിനെ കൊച്ചിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പിനുള്ള ശ്രമം നടക്കുന്നുണ്ട്. കൊച്ചിയിലെ നീറ്റാജലാറ്റിന്‍ ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് അനൂപിനെ കൊച്ചിയില്‍ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: