ഏലൂര്‍: പാതാളത്തു നിന്ന് ഏലൂര്‍ കമ്പനിപ്പടിയിലേക്ക് പോകുന്ന റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. സോമസുന്ദരന്‍ ഡോക്ടറുടെ ക്ലിനിക്കിന് സമീപം ഏതാനും മാസം മുന്‍പ് ടാറിംഗ് നടത്തിയ റോഡിലാണ് 1 മീറ്ററോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടത്. 100 കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്.
ടാറിങ്ങിലെ വന്‍ അഴിമതിയും ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും അനാസ്ഥയുമാണ് പൊതുമരാമത്ത് മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ ഇതുപോലുളള അവസ്ഥകള്‍ ഉണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ടാറിംഗ് നടത്തുന്ന സ്ഥലത്ത് ഉദ്യോഗസ്ഥര്‍ എത്താത്തതുകൊണ്ട് കരാര്‍ ജീവനക്കാര്‍ അവര്‍ക്ക് ഇഷ്ടമുളള രീതിയിലാണ് ടാറിംഗ് നടത്തിയത്.കുഴി രൂപപ്പെട്ട സ്ഥലത്ത് പോലീസ് എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഗതാഗതം നിയന്ത്രിച്ചത്.തുടര്‍ന്ന് ഏലൂര്‍ പോലീസ് എത്തി രണ്ട് ചെറിയ ബാരിക്കേഡുകള്‍ വച്ചശേഷം പോകുകയായിരുന്നു.
പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ടാറിംഗ് ഉത്സവം തന്നെയായിരുന്നു. എന്നാല്‍ ഗുണനിലവാരമില്ലാത്ത റോഡുകളാണ് പണിതുകൂട്ടിയിരിക്കുന്നതെന്ന് ബിജെപി നേതാവ് എ. സുനില്‍കുമാര്‍ പറഞ്ഞു. സംഭവസ്ഥലത്ത് ഏലൂര്‍ നഗരസഭ ചെയര്മാന് അയൂബും വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങളും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഖജനാവിലെ പൊതുപണം ഉപയോഗിച്ച് മരണക്കുഴി ഉണ്ടാക്കുന്ന പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ശക്തമായി സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കളമശ്ശേരി യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് എബിന് പറഞ്ഞു.
കഴിഞ്ഞ ദിവസം കളമശ്ശേരി പുത്തലം റോഡിലെ ടാറിങ്ങില്‍ അഴിമതിയുണ്ടെന്നും യുവമോര്‍ച്ച ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: