കൊച്ചി: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന് ബാര്‍ ഓണേഴ്സ് അസോസിയേഷന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബാര്‍ ഓണേഴ്സ് അസോസിയേഷന് യോഗം തീരുമാനിച്ചു. ആര് ആര്‍ക്കൊക്കെ പണം നല്‍കിയെന്ന കണക്ക് അടുത്ത എക്സിക്യൂട്ടീവില്‍ അവതരിപ്പിക്കും.
വിജിലന്‍സ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും യോഗത്തിന് ശേഷം അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി പറഞ്ഞു. പിരിച്ചെടുത്ത തുകയുടെ കണക്ക് മുപ്പത് ദിവസത്തിനുള്ളില്‍ അവതരിപ്പിക്കാനാണ് ധാരണ. അതേസമയം, അസോസിയേഷന്റെ വരവ് ചെലവ് കണക്ക് സംബന്ധിച്ചു രൂക്ഷമായ വാദപ്രതിവാദങ്ങളും യോഗത്തിലുണ്ടായി. അസോസിയേഷന് മുപ്പത് കോടി വരെ പിരിച്ചെടുത്തതായി ആരോപണം ഉയര്‍ന്നു.
പിരിച്ചെടുത്ത പണം ആര്‍ക്കൊക്കെ നല്‍കിയെന്ന് അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വ്യക്തമാക്കാമെന്ന് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷനിലെ ഭിന്നതകള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. സംഘടന നടത്തിയ പിരിവുള്‍പ്പെടെയുള്ള മുഴുവന്‍ കണക്കുകളും അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ അവതരിപ്പിക്കാന്‍ ജനറല്‍സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. ബിജു ഉള്‍പ്പെടെ നേരിടുന്ന വിജിലന്‍സ് കേസുകളില്‍ തെളിവുകള്‍ സമര്‍പ്പിക്കും.
നുണപരിശോധനയ്ക്ക് മെഡിക്കല്‍ ഉപദേശം തേടും. സുപ്രീം കോടതിയിലെ കേസുകള്‍ നടത്തുന്നതിന് പ്രമുഖ അഭിഭാഷകരെ നിയോഗിക്കും. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചതില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചെന്നും രാജ്കുമാര് ഉണ്ണി പറഞ്ഞു. പിരിച്ച പണത്തിന്റെ കണക്ക് അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിക്കാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: