കുളത്തൂപ്പുഴ: കുളത്തൂപ്പുഴയില്‍ കൊച്ചുകുട്ടികള്മുതലുള്ള വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്നതായി പരാതി. കുളത്തൂപ്പുഴ ആര്‍പിഎല്‍ തൊഴില്‍കേന്ദ്രത്തിലെ തൊഴിലാളികളുടെ മക്കളുടെ പഠനമാണ് ഇപ്പോള്‍ വഴിമുട്ടിയിരിക്കുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ പത്താംക്ലാസ് കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസത്തിനുപോകാന് കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.
1978ല്‍ ശ്രീലങ്കയില്‍ നിന്നും കുടിയേറിയ തമിഴ് വംശജരാണ് ഇപ്പോള്‍ ഇവിടെ തൊഴിലാളികളായി ജോലിചെയ്യുന്നവരില്‍ ഏറിയ പങ്കും. ആദിവായി വിഭാഗത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമായ സ്റ്റൈപന്റ് 2006വരെ ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ക്ക് ഈ ആനുകൂല്യവും നിഷേധിക്കപ്പെടുകയാണ്. ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ ഇവര്‍ക്ക് വില്ലേജാഫീസില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റു നല്‍കുന്നില്ല. ഇവരുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ആനുകൂല്യം നിഷേധിക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച തങ്ങളുടെ പക്കല്‍ എല്ലാ രേഖകളുമുണ്ടെന്ന് ഇവര്‍ പറയുന്നു. വോട്ടവകാശമുള്ള ഇവരുടെ കാര്യത്തില്‍ ഇതുവരെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ട്രേഡ് യൂണിയനുകളോ ഇടപെട്ടിട്ടില്ല.
പാര്ട്ടിനേതാക്കന്മാരുടെ ഇടപെടല്‍ മൂലമാണ് തങ്ങള്‍ക്ക് വില്ലേജാഫീസര്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്നും ചിലര്‍ പറയുന്നു. കൊല്ലം ജില്ലയിലെ കിഴക്കന്‍മലയോര പ്രദേശങ്ങളില്‍ വിദ്യാഭ്യാസകുറവും രോഗവും പട്ടിണിയും മുതലാക്കി മാവോയിസ്റ്റുകള്‍ക്ക് വേരുറപ്പിക്കാന്‍ കഴിയുമെന്ന കേന്ദ്ര ഇന്റ്ലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ഇപ്പോള്‍ കുളത്തൂപ്പുഴയില്‍ നിന്നും ഇങ്ങനെയൊരു സംഭവം പുറത്തു വരുന്നതും.
വിദ്യാര്‍ത്ഥികളുടെ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്താന്‍ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ ഇന്ന് സ്കൂള്‍ ബാഗ് ധരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ വില്ലേജാഫീസിലേക്ക് മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: