ചാത്തന്നൂര്‍: കര്‍ണാടക ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള മദനിയുടെ മടക്കയാത്രയെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്. അസുഖം ബാധിച്ച് കിടക്കുന്ന മാതാവിനെ കാണണമെന്നുള്ള ആവശ്യത്തിനുമേല്‍ കടുത്ത ജാമ്യവ്യവസ്ഥയില്‍ കേരളത്തിലെത്തിയ മദനിയുടെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്കുള്ള മടക്കയാത്ര പിഡിപിയുടെ രാഷ്ട്രീയ റാലിയാക്കി മാറ്റിയതിനുപിന്നില്‍ പോലീസിന്റെ ഒത്താശയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഹൈടെക് സംവിധാനത്തോടെയുള്ള കാരവാനില്‍ മൈനാഗപ്പള്ളിയില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് പിഡിപിക്കാര്‍ അകമ്പടി സേവിച്ചപ്പോള്‍ ദുരിതത്തിലായത് യാത്രക്കാരാണ്. ഇറാക്കിലെ ഐഎസ് തീവ്രവാദികളെ അനുസ്മരിപ്പിക്കും വിധം വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും മുകളില്‍ കയറിനിന്ന് തഖ്ബീര് മുഴക്കിയും കൂറ്റന്‍ വടികളില്‍ കെട്ടിയ പിഡിപി പതാക വച്ച് ഇരുസൈഡിലും വരുന്ന വാഹനങ്ങളെ തെറിയഭിഷേകം ചെയ്ത് ദേശീയപാത പൂര്‍ണമായും കയ്യടക്കിയായിരുന്നു ഈ പ്രകടനം.
സ്ത്രീകളായ സ്കൂട്ടര്യാത്രക്കാരെ പ്പോലും വെറുതെ വിടാതെ 50-ഓളം ബൈക്കുകളില്‍ വന്ന പിഡിപിക്കാര്‍ തെരുവില്‍ അഴിഞ്ഞാടുകയായിരുന്നു. മദനിയുടെ യാത്രയ്ക്ക് അകമ്പടിയായി മൈക്ക് അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ മൂന്നെണ്ണം ഉണ്ടായിരുന്നു. ഗുരുതരമായ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടക്കുന്ന പ്രതിയുടെ മറപറ്റി മതതീവ്രവാദസംഘടനകള്‍ക്ക് സംഘടിക്കാന്‍ അവസരമൊരുക്കുകയായിരുന്നു നിഷ്ക്രിയമായ പോലീസ് സംവിധാനമെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.
അതേസമയം മദനിക്ക് അകമ്പടിയായി വിദേശനിര്‍മ്മിത ആഡംബരക്കാറുകളും അന്യസംസ്ഥാന രജിസ്ട്രേഷന് വാഹനങ്ങളും ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മദനിയുടെ ഉറ്റഅനുയായി ആയ മൈലക്കാട് ഷായുടെ സ്ഥലമായ മൈലക്കാടും ഇത്തിക്കരയിലും യാതൊരുവിധ സ്വീകരണവും ഇല്ലായിരുന്നു. വിരലിലെണ്ണാവുന്ന ആള്ക്കാര് മാത്രമാണ് മൈലക്കാട് എത്തിയിരുന്നത്.
സ്വീകരണം വാങ്ങുകയോ രാഷ്ട്രീയം പറയുകയോ ചെയ്യരുത് എന്ന ജാമ്യവ്യവസ്ഥാ ലംഘനമാണ് യാത്രയില്‍ ഉടനീളം മദനി നടത്തിയത്. എല്ലാത്തിനും മൗനസമ്മതം മൂളി കേരളാപോലീസും അകമ്പടിയായി.
രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനത്തിനും യോഗത്തിനുമെല്ലാം ക്യാമറകളും മൊബൈല്ക്യാമറുകളുമായി വീഡിയോ എടുക്കാറുള്ള കേരളാപോലീസ് പിഡിപി പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിപ്പിച്ചും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ ദ്രോഹിച്ചും നടത്തിയ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനോ മെനക്കെടാതെ മദനിയുടെ ജാമ്യവ്യവസ്ഥാലംഘനത്തിന് ചൂട്ട് പിടിക്കുകയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: