കൊച്ചി: മലയാള ചലച്ചിത്ര സംഗീത ലോകത്തെ മഹാരഥന്മാരെ സംഗീതാര്‍ച്ചനയിലൂടെ പ്രണമിച്ചും ആദരിച്ചും വെറ്റിലയും അടയ്ക്കയും സമര്‍പ്പിച്ചും പുതുതലമുറ സംഗീത സംവിധായകര്‍. ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന് (ഫെമു) ഇന്നലെ വൈകിട്ടു സംഘടിപ്പിച്ച ഏറെ വ്യത്യസ്തമായ ചടങ്ങില്‍ കൊച്ചി മഹാനഗരം സംഗീതലോകത്തെ അതുല്യ മഹാരഥന്മാരെ ഒരു വേദിയില്‍ നേരിട്ടു കാണുകയായിരുന്നു.
ഫെമുവിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഗുരുപൗര്‍ണമി എന്നു പേരിട്ട പരിപാടിയില്‍ ചലച്ചിത്രസംഗീത മേഖലയിലെ വിവിധ തലമുറകളില്‍പ്പെട്ട പ്രമുഖരെല്ലാം സംഗമിച്ചപ്പോള്‍ അതൊരു അപൂര്‍വ കാഴ്ചയായി.എം.കെ. അര്ജുനന്, ജയന് (ജയവിജയ), കെ.ജെ. ജോയ്, ശ്യാം, എം.ജെ. ജോസഫ്, ആലപ്പി രംഗനാഥ്, വിദ്യാധരന്, ആര്. സോമശേഖരന്‍, രാജാമണി, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ.വി. റാഫേല്‍, എസ്. ബാലകൃഷ്ണന്, ഔസേപ്പച്ചന്, വിദ്യാസാഗര്‍, മോഹന്‍ സിതാര, രമേഷ് നാരായണന്, ദര്ശന് രാമന്, കാഞ്ഞങ്ങാട് രാമചന്ദ്രന് എന്നിവരൊക്കെ സ്നേഹസ്വീകരണങ്ങള്‍ സ്വീകരിക്കാനും ആദരവ് ഏറ്റുവാങ്ങാനും എത്തി. പലരും പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ചാണ് ചടങ്ങിനെത്തിയത്.
മലയാള ചലച്ചിത്രചരിത്രത്തിലെ പ്രശസ്തങ്ങളായ ആദ്യകാല ഗാനങ്ങള്‍ കോര്‍ത്തിണക്കി പുതുതലമുറ സംഗീതസംവിധായകര്‍ ഒന്നിച്ചാലപിച്ചതു ഏറെ വ്യത്യസതമായി. അര്ജുനന് മാസ്റ്ററെ സംവിധയകന് ജോഷി ആദരിച്ചാണ് ഗുരുപൗര്‍ണമി പരിപാടിക്കു തുടക്കമിട്ടത്.
സംസ്ഥാന ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ ജിജിം തോംസണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ സംവിധായകരായ ജോഷി, കെ. മധു, ലാല്‍ ജോസ്, മേജര്‍ രവി, മാര്‍ത്താണ്ഡന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്, മാക്ട ചെയര്‍മാനും സംവിധായകനുമായ ജി.എസ്. വിജയന്, ചലച്ചിത്ര പ്രവര്‍ത്തകരായ ഷിബു ചക്രവര്‍ത്തി, രവീന്ദ്രന്, സോന നായര്‍, രാമചന്ദ്രബാബു, റോബിന് തിരുമല, സൂര്യ പീറ്റര്‍, എ.കെ. സാജന്, എ.ടി. അന്‍വര്‍, സുല്‍ഫിക്കര്‍ അലി, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, ഫെമു പ്രസിഡന്റ് രാഹുല്‍ രാജ്, ജനറല്‍ സെക്രട്ടറി അജിത് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദരവ് ഏറ്റുവാങ്ങിയവരുടെ പ്രശസ്ത ഗാനങ്ങള്‍ കോര്‍ത്തിണക്കി തെന്നിന്ത്യയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത സന്ധ്യയായിരുന്നു ചടങ്ങിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ഫെമു മ്യൂസിക് അവാര്‍ഡ്, ഫെമു റോക്ക്ഓണ്‍ സംഗീത ബാന്‍ഡ് എന്നീ പുതിയ സംരംഭങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതരംഗത്തെ മുഴുവനായി ഉള്‍പ്പെടുത്തുന്ന ഫെമു സൗത്ത് ഇന്ത്യന്‍ മ്യൂസിക് അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ലോകപ്രശസ്ത സംഗീതജ്ഞന് എ.ആര്. റഹ്മാന്റെ സഹോദരിയും ഗായികയും സംഗീത സംവിധായകയുമായ എ.ആര്. രയ്ഹാന നടത്തി.
ഫെമുവിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെടുന്ന മ്യൂസിക് ബാന്‍ഡ് ആയ ഫെമു റോക്ക്ഓണിന്റെ ഔദ്യോഗിക പ്രഖ്യാപനം മലയാളികളുടെ അഭിമാനമായ ഓസ്കര് പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടി ചടങ്ങില്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: