കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതി നരേന്ദ്രന്റെ കുടിലതന്ത്രങ്ങള്‍ അന്വേഷണസംഘത്തിന് അത്ഭുതം. നരേന്ദ്രനാണിത് ചെയ്തതെന്നത് വിശ്വസിക്കാനാകെ നാട്ടുകാര്‍. പൊതുവെ സൗമ്യപ്രകൃതക്കാരനായ ഇയാള്‍ക്ക് ഒറ്റയ്ക്ക് ഇത്രക്രൂരമായ കൊലപാതകം ചെയ്യുവാന്‍ കഴിയുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രൊഫഷണല്‍ കൊലയാളി സംഘങ്ങളെക്കാള് മികവാര്‍ന്ന രീതിയിലുള്ള ആസൂത്രണമാണ് നരേന്ദ്രന് നടത്തിയതെന്നാണ് പോലീസിനെ അതിശയിപ്പിക്കുന്നത്. സമര്ദ്ദമായ പരിശീലനം ലഭിച്ച ഒരു കൊലയാളിയെപോലെയായിരുന്നു ഇയാളുടെ ആസൂത്രണങ്ങള്‍ പേര് മാത്രമല്ല സംസ്ഥാനമേതെന്നുപോലും കൃത്യമായി പറയാതെയാണ് ഇയാള്‍ കേരളത്തിലെത്തിയത്. തന്റെ കള്ളത്തരങ്ങളെ സാധുകരിക്കാനാവശ്യമായ വ്യാജരേഖകളും സംഘടിപ്പിച്ചു. തന്റെ പേരിലുള്ള സിംകാര്ഡില്നിന്നുള്ള ഫോണ്‍ കോളുകള്‍പോലും വളരെ കരുതലോടെയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.
കൃത്യനിര്‍വ്വഹണത്തിനുശേഷം രക്ഷപ്പെടുന്നതിനും ഇയാള്‍ക്ക് തിടുക്കമില്ലായിരുന്നു. ആദ്യം പ്രവീണിനേയും പിന്നാലെ അമ്മ പ്രസന്നയേയും മൂന്നാമതായി ലാലസനേയും കൊലപ്പെടുത്തിയ പ്രതി ഒരു മണിക്കൂര്‍ സമയം ഇവരുടെ സ്ഥാപനത്തിലും വീട്ടിലുമായിക്കഴിഞ്ഞു. സ്വര്‍ണ്ണമടക്കമുള്ള വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
അതിനുശേഷം റോഡിലിറങ്ങി യാതൊരു ഭാവവ്യത്യാസവും കാണിക്കാതെ അതുവഴിവന്ന ഓട്ടോറിക്ഷയില്‍ കോട്ടയം റയില്‍വേ സ്റ്റേഷനിലെത്തി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയേയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തേയും അതിജീവിക്കാന്‍ നരേന്ദ്രനായില്ല. കോട്ടയത്തുനിന്നും തിരുവനന്തപുരത്തും അവിടെനിന്നും മുംബൈയിലുമെത്തിയതിനുശേഷം സ്വന്തം നാടായ ഫിറോസാബാദിലുമെത്തിയ ഇയാളെ നാട്ടിലെത്തി മണിക്കൂറുകള്‍ക്കകം പാമ്പാടി സിഐ സാജുവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ പിടിയിലായി.
പ്രതിയുമായി അന്വേഷണസംഘം ഇന്നു ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തും. അവിടെനിന്നും കോട്ടയത്തെത്തിച്ച് ജില്ലാ പോലീസ് മേധാവി നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനുംശേഷം സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: