തൃപ്പൂണിത്തുറ: വിദ്യാലയങ്ങളില്‍ ജന്മഭൂമി സംഘടിപ്പിച്ചുവരുന്ന ‘അമൃതം മലയാളം’ പദ്ധതിയുമായി ഈ അദ്ധ്യയനവര്‍ഷം മുതല്‍ അമൃതഭാരതീ വിദ്യാപീഠവും കൈകോര്‍ക്കുന്നു. തൃപ്പൂണിത്തുറ-ചോറ്റാനിക്കര മേഖലയിലെ തെരഞ്ഞെടുത്ത എട്ട് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അദ്ധ്യയനവര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിവിധ സര്‍ഗാത്മക മത്സരങ്ങളും ഭാഷാമിത്ര ശില്‍പ്പശാലകളും ആസൂത്രണം ചെയ്താണ് അമൃതഭാരതീ വിദ്യാപീഠം അമൃതം മലയാളം പദ്ധതിയില്‍ പങ്കുചേരുന്നത്.
വായനയിലൂടെ സംസ്കൃതി, വിജ്ഞാനം, സ്വാതന്ത്ര്യം എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഈ പ്രത്യേക പദ്ധതിയില്‍ അമൃതഭാരതീ വിദ്യാപീഠം വായനാക്കുറിപ്പ് മത്സരം, ഭഗവദ്ഗീതാ പ്രശ്നോത്തരി മത്സരം, കേരളഗാനമത്സരം, ഗീതാശിബിരം, മാതൃഭാഷാഭിമാന സദസ്സ് എന്നിങ്ങനെ വിവിധങ്ങളായ സാംസ്കാരികവും വൈജ്ഞാനികവുമായ പരിപാടികളുമുള്പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ അമൃതഭാരതീ വിദ്യാപീഠം വര്‍ഷംതോറും ദീപാവലിനാളില്‍ നടത്തിവരുന്ന സാംസ്കാരിക പരീക്ഷകളിലും പ്രസ്തുത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരംകൂടിയാണ് ‘അമൃതം മലയാളം’ ഒരുക്കുന്നത്.
ജൂണ്‍ 1 മുതല്‍ 10 വരെ വിദ്യാലയങ്ങള്‍ നിശ്ചയിക്കുന്ന ദിനത്തില്‍ ഭാഷാവിചാരസദസ്സ് സംഘടിപ്പിച്ചാണ് അമൃതം മലയാളം പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനവും അമൃതഭാരതീ വിദ്യാപീഠം നടത്തുന്ന സാംസ്കാരിക പരീക്ഷകളുടെ അപേക്ഷാവിതരണവും നിര്‍വഹിക്കപ്പെടുക. വിദ്യാലയത്തില്‍ മാതൃഭാഷാസമിതിയും പദ്ധതിയോടുചേര്‍ന്ന് നിലകൊള്ളും. ശ്രീനാരായണ വിദ്യാപീഠം, ശ്രീവെങ്കടേശ്വര ഹൈസ്കൂള്‍, ചിന്മയ വിദ്യാലയം, മുന്ഷിവിദ്യാശ്രാം തിരുവാങ്കുളം, ഭവന്‍സ് വിദ്യാമന്ദിര്‍ എരൂര്‍, പരമഭട്ടാര കേന്ദ്രീയ വിദ്യാലയം വടയമ്പാടി, വ്യാസ വിദ്യാമന്ദിര്‍ പാലച്ചുവട്, ഉമാമഹേശ്വര വിദ്യാലയം തൃപ്പക്കുടം തുടങ്ങിയ വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പിലാക്കുവാനാണ് അമൃതഭാരതീ വിദ്യാപീഠം ഉദ്ദേശിക്കുന്നത്.
‘അമൃതം മലയാളം’ പദ്ധതിയിലേക്ക് അമൃതഭാരതീ വിദ്യാപീഠത്തിന്റെ പ്രവര്‍ത്തകര്‍ ശേഖരിച്ച 24 പത്രങ്ങളുടെ വാര്‍ഷികവരിസംഖ്യയുടെ സമര്‍പ്പണം അമൃതഭാരതീ വിദ്യാപീഠം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം എം.കെ. സതീശന് നിര്‍വ്വഹിച്ചു. ജന്മഭൂമിയുടെ എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. നവീന്‍ വരിസംഖ്യതുക ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസാമഗ്രികളുടെ വിതരണവും നടന്നു.
ചടങ്ങില്‍ അമൃതഭാരതീ വിദ്യാപീഠം എറണാകുളം ജില്ലാസംയോജകന്‍ കെ.ജി. ശ്രീകുമാര്‍, ബാലഗോകുലം ജില്ലാ സഹരക്ഷാധികാരി എം.എല്‍. രമേശ്, രാഷ്ട്രീയ സ്വയംസേവകസംഘം സഹസംഘചാലകന് എം.ഡി. ജയന്തന് നമ്പൂതിരിപ്പാട്, പൂര്‍ണത്രയീശ ബാലഗോകുലം രക്ഷാധികാരി ഗംഗടീച്ചര്‍, രാഷ്ട്രസേവികസമിതി സേവിക ജേ്യാതി, വിശ്വസംസ്കൃത പ്രതിഷ്ഠാനം തൃപ്പൂണിത്തുറ സംയോജകന്‍ എം. ഗോപിനാഥന് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: