കൊട്ടാരക്കര: യുഡിഎഫ് മേഖലാ ജാഥ കൊടിക്കുന്നില്‍ വിഭാഗം ഹൈജാക്ക് ചെയ്തു. വേദിയില്‍ കസേരകളി. ഔദ്യോഗിക ചെയര്‍മാനെ വേദിക്ക് പുറത്താക്കി കൊടിക്കുന്നില്‍ നോമിനി അധ്യക്ഷനായതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് യോഗം ബഹിഷ്കരിച്ചു.
ഇന്നലെ കൊട്ടാരക്കരയില്‍ എത്തിയ ജാഥയിലാണ് കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായത്. യുഡിഎഫ് നേതാക്കളെ മൂകസാക്ഷിയാക്കിയായിരുന്നു നാടകങ്ങള്‍. കൊട്ടാരക്കര പുലമണില്‍ ഇന്നലെ ജാഥ എത്തുന്നതിന് മുന്‍പ് തന്നെ നേതാക്കള്‍ പ്രസംഗം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ ഐ വിഭാഗത്തിന്റെ നേതാക്കള്‍ വേദിയിലേക്ക് കയറുന്നത് തടുക്കാന്‍ കൊടിക്കുന്നിലിന്റ സന്തത സഹചാരികള്‍ വേദിക്ക് ചുറ്റും നിരന്നിരുന്നു.
നേതൃത്വത്തിന്റ നിര്‍ദ്ദേശം അനുസരിച്ച് ഐ വിഭാഗവും സ്വീകിരിക്കാന്‍ എത്തിയിരുന്നെങ്കിലും കൊടിക്കുന്നില്‍ വിഭാഗം ഇവരെ വേദിയില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. കസേരകള്‍ പോലും മാറ്റിവെച്ച് നേതാക്കള്‍ എത്തുന്ന മുറക്കാണ് നല്‍കിയത്. ഇതിനിടയില്‍ വേദിയില്‍ കയറിപ്പറ്റിയ കെപിസിസി സെക്രട്ടറി രതികുമാറിന് ഒരു കേസരകിട്ടി. ജില്ലയിലെ ഐ വിഭാഗം നേതാവായ എന്‍. ജയചന്ദ്രനെ വേദിയില്‍ ഇരിക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ക്ഷണിച്ചു. വേദിയില്‍ എത്തി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പിറകില്‍ നിന്ന കൊടിക്കുന്നില്‍ നോമിനി കസേര എടുത്ത് മാറ്റി. ഇളിഭ്യരായ നേതാക്കള്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും കസേര നല്‍കിയില്ല.
മറ്റൊരു കസേരയില്‍ ഇരിക്കാന്‍ അവസരം കിട്ടിയെങ്കിലും ജാഥ എത്തിയപ്പോള്‍ എഴുന്നേറ്റ ഉടന്‍ കസേര എടുത്തുമാറ്റി. ഇതോടെ രതികുമാറും ജയചന്ദ്രനും വേദിവിട്ട് പുറത്ത് പോയി. കൊട്ടാരക്കരയിലെ തര്‍ക്കം കാരണം ജാഥയുടെ അധ്യക്ഷനാക്കാന്‍ ഡിസിസി പ്രസിഡന്റിനെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനും തയ്യാറാകാതെ കൊടിക്കുന്നില്‍ പ്രഖ്യാപിച്ച ആളിനെ അധ്യക്ഷനാക്കി. പ്രേമചന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ ഈ വിഷയം കൊടിക്കുന്നിലിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല.
യുഡിഎഫ് ചെയര്‍മാനായി കൊട്ടാരക്കരയില്‍ ഐ വിഭാഗക്കാരനായ ശങ്കരപ്പിള്ളയെ ആയിരുന്നു ജില്ലാ നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. കൊടിക്കുന്നില്‍ പക്ഷം ഇതിന് തയ്യാറാകാതെ ബേബി പടിഞ്ഞാറ്റിന്‍കരയെ ചെയര്‍മാനായി പ്രഖ്യാപിച്ചു. ഇതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തിയതോടെ സംഘര്‍ഷത്തിന്റ വക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
രണ്ട് പേരും പ്രത്യേക യോഗങ്ങള്‍ കൂടി ജാഥയെ സ്വീകരിച്ചാന് തീരുമാനിച്ചതോടെ സ്വീകരണം തന്നെ അനിശ്ചിതത്വത്തിലായിരുന്നു.
സംഘര്‍ഷം രൂക്ഷമായതോടെ കെപിസിസി ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല ഉണ്ടാക്കിയത്. അതും പരസ്യമായി ലംഘിക്കപ്പെട്ടതോടെ വരുംനാളുകളില്‍ തര്‍ക്കം കൂടുതല്‍ രൂക്ഷമാകും. വി.ഡി. സതീശനെതിരെയുള്ള കൊടിക്കുന്നിലിന്റ പ്രസ്താവനയായിരുന്നു ഏറെ നാളായി കനല് മൂടിയിരുന്ന തര്‍ക്കം വെളിയില്‍ വരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: