കൊല്ലം: ശുചിത്വം അനിവാര്യമാക്കേണ്ട ജില്ലാ ആശുപത്രിയും പരിസരവും മാലിന്യ കലവറയായി മാറുകയാണ്. അധികൃതരുടെ അനാസ്ഥയാണ് കാരണം. ജില്ലാ ആശുപത്രിയിലെ മുഴുവന്‍ മാലിന്യങ്ങളും തോന്നിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ നിക്ഷേപിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാണ് ചികിത്സയ്ക്ക് എത്തുന്നവരും അവരുടെ കൂട്ടിരുപ്പുകാരും. നിരവധിതവണ ഇതു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പലതവണ പരാതികള്‍ നല്‍കുകയും ചെയ്തിട്ടും മാലിന്യനിക്ഷേപം ഇന്നും തുടരുകയാണ്.
അത്യാഹിത വിഭാഗത്തിന്റെ ഉള്ളില്‍നിന്നും പുറകുവശത്തെ വാതിലിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഒന്നും രണ്ടും മൂന്നും നിലയിലെ ജനറല്‍ വാര്‍ഡുകളുടെയും അവസ്ഥ പരിതാപകരമാണ്. രോഗികളടക്കം മാലിന്യം നിക്ഷേപിക്കുന്നത് ബാത്ത്റൂമുകളിലാണ്. ബാത്ത് റൂമുകളിലെ ടൈല്‍സെല്ലാം ഇളകിക്കിടക്കുന്നതുമൂലം പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍പോലും പറ്റാത്ത അവസ്ഥയാണ് ജില്ലാ ആശുപത്രിയില്‍. രോഗികള്‍ ഉപയോഗിച്ച സിറിഞ്ചുകള്‍, ചോര പുരണ്ട പഞ്ഞികള്‍ എല്ലാം തന്നെ റൂമുകളിലും പരിസരങ്ങളിലും കിടക്കുകയാണ്.
മഴക്കാലത്തു കൈക്കൊള്ളേണ്ട യാതൊരുവിധ മുന്‍കരുതലും ജില്ലാ ആശുപത്രി അധികൃതര്‍ ഇതുവരെയും കൈക്കൊണ്ടിട്ടില്ലെന്ന് ജില്ലാ ആശുപത്രി സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
ഒപിയില്‍ ഒരു ദിവസത്തെ പണി
ജില്ലാആശുപത്രിയിലെ ഒപിയില്‍ ചികിത്സയ്ക്കായി എത്തണമെങ്കില്‍ സൂര്യന് ഉദിക്കുന്നതിനു മുമ്പ് ഇറങ്ങണം. തിരികെ വീട്ടിലെത്തണമെങ്കില്‍ സൂര്യന് അസ്തമിക്കുകയും ചെയ്യണം. രാവിലെ അഞ്ച് മുതല്‍ ഒപിവിഭാഗത്തില്‍ ചികിത്സയക്ക് എത്തുന്നവര്‍ക്കുള്ള ടോക്കണ്‍ നല്കുന്ന സ്ഥലത്ത് തിരക്കാകും. കൊച്ചുകുട്ടികള്‍ മുതല്‍ തൊണ്ണൂറ് തികഞ്ഞവരും ക്യൂ പാലിച്ചാല്‍ മാത്രമേ ഡോക്ടറെ കാണാനുള്ള ടോക്കണ്‍ ലഭിക്കാറുള്ളൂ. രാവിലെ എട്ടുമണിയോടെ ടോക്കണ്‍ നല്‍കുന്നത് ആരംഭിക്കും അപ്പോഴേക്കും ക്യൂവിന്റെ അവസാനനിര ആശുപത്രിപരിസരവും കടന്ന് റോഡിലേക്ക് നീളും.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടെങ്കിലും വന്‍തിരക്കാണ് ഉണ്ടാകുന്നത്. മൂന്നോ നാലോ കൗണ്ടറുകള്‍ ഇതിനായി തുറക്കണമെന്നാണ് രോഗികളുടെ ആവശ്യം. ടോക്കണ്‍ ലഭിച്ചാലും ഡോക്ടറെ കണ്ട് അസുഖവിവരം പറയണമെങ്കില്‍ പിന്നെയും മണിക്കൂറുകള്‍ കാത്തുനില്ക്കണം. അവിടെനിന്നും ഡോക്ടര്‍ കുറിച്ചുനല്‍കിയ മരുന്നുവാങ്ങാന്‍ ഫാര്‍മസിയുടെ മുന്നിലെത്തിയാല്‍ അവിടെയും കാണും അവസാനം കാണാന്‍ പറ്റാത്ത ഒരു നീണ്ട നിര. ഇതൊക്കെ സഹിച്ച് ഫാര്‍മസിയുടെ മുന്നിലെത്തുമ്പോള്‍ പനിക്കാരനും കാലുവേദനക്കാരനും തലപൊട്ടിയവനും നല്‍കുന്നത് ഒരേ മരുന്ന് തന്നെ.
രോഗികള്‍ക്കു സുരക്ഷയില്ല
രോഗികളായി വരുന്ന കുട്ടികള്‍ക്കും വയസായവര്‍ക്കും യാതൊരുവിധ സുരക്ഷയുമില്ല. ഒപി വിഭാഗത്തിലെത്തുന്ന ഇവരെ പ്രത്യേകം പരിഗണിക്കണമെന്നിരിക്കെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മോശമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നാണ് പരാതി. ചികിത്സയ്ക്കെത്തുന്ന പലരും അവശരായി ഒപി പരിസരത്തു കിടക്കുന്ന കാഴ്ചയും ഇവിടെ പതിവാകുകയാണ്. ഇവര്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭിക്കുന്ന രീതിയില്‍ ഒപിയുടെ പ്രവര്‍ത്തനം മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഡോക്ടര്‍മാരുടെ സേവനം
ഒപി, അത്യാഹിതവിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. ജനറല്‍ ഓപി വിഭാഗത്തില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ സേവനം പരിമിതമാണ്. മഴക്കാലമായതോടെ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടൂതലായതുകൊണ്ട് വളരെ കൂടുതല്‍പ്പേര്‍ ചികിത്സ തേടിയെത്തുന്ന ഒപി വിഭാഗത്തില്‍ നിലവിലുളളതിനെക്കാല് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്.
കൂടു്ല് ഡോക്ടര്‍മാര്‍ എത്തുന്നതോടെ തിരക്കു നിയന്ത്രിക്കാനും രോഗികള്‍ക്ക് ശരിയായ രീതിയിലുള്ള ചികിത്സ ഉറപ്പാക്കാനും സാധിക്കും. അത്യാഹിത വിഭാഗത്തില്‍ രാത്രികാല ചികിത്സയ്ക്കായി സീനീയര്‍ ഡോക്ടര്‍മാരുടെ സേവനം വളരെ അത്യാവശ്യമാണ്. എമര്‍ജന്‍സി സമയങ്ങളില്‍ ഇവിടെ രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നിരിക്കുകയാണ്.
ജീവനക്കാരുടെ പെരുമാറ്റം
ചികിത്സയിക്കായി ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളോടും അവരുടെ കൂട്ടിരുപ്പുകാരോടും ആശുപത്രിയിലെ ചില ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും ഇവര്‍ പറയുന്നു.വാര്‍ഡില്‍ കിടക്കുന്ന രോഗികളാണ് ഇവരുടെ പെരുമാറ്റത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കുന്നവരുടെ കാര്യങ്ങള്‍ മാത്രമാണ് ജീവനക്കാര്‍ നല്ലരീതിയില്‍ ചെയ്യുന്നതെന്നും മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാറില്ലെന്നുമാണ് പരാതി.
ഒപിയിലെത്തുന്ന രോഗികളെ കിടത്തിച്ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തുകഴിഞ്ഞ് വാര്ഡിലേക്കുമാറ്റിയാല് ഡോക്ടറെ വീട്ടില്‍ച്ചെന്നു കണ്ടു പണം നല്‍കണമെന്നാണ് ജില്ലാ ആശുപത്രിയിലെ രീതിയെന്നും അങ്ങനെ ചെയ്യാത്തവരെ വാര്‍ഡിലെത്തുന്ന ഡോക്ടര്‍ ശരിയായി പരിശോധിക്കാറില്ലെന്നും രോഗികള്‍ പറയുന്നു.
തുടരും….
പ്രതികരിക്കാൻ ഇവിടെ എഴുതുക: