കൊച്ചി: പള്ളുരുത്തിയില്‍ റോഡരികില്‍ നിന്ന പൊതുമരാമത്ത് വകുപ്പിന്റെ വൃക്ഷശിഖരം ഒടിഞ്ഞുവീണ് നട്ടെല്ല് തകര്‍ന്ന മിഥുന്റെ തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം പൂര്‍ണമായും ചികിത്സിച്ച് ദേഭമാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ ചികിത്സയ്ക്കുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച് കിട്ടാന്‍ പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇടക്കൊച്ചി കരീത്തറ ഹൗസില്‍ മിഥുന് കെ.എസ്. (23) നാണ് 2013 ഏപ്രില്‍ 23 ന് അപകടം സംഭവിച്ചത്.
സ്വന്തമായി ഉണ്ടായിരുന്ന രണ്ടു സെന്റ് ഭൂമി വിറ്റ് 20 ലക്ഷം രൂപയോളം ചികിത്സക്ക് ചിലവാക്കിയെങ്കിലും നട്ടെല്ല് തകര്‍ന്നതിനാല്‍ എഴുന്നേല് കഴിയാത്ത അവസ്ഥയിലാണ് മിഥുന്. പൂര്ണഭേദമാകണമെങ്കില് 35 ലക്ഷമെങ്കിലും ചിലവാകുമെന്നാണ് ഡോക്ടര്‍ പറയുന്നത്. കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ തമ്പി സുബ്രഹ്മണ്യവും മിഥുന് കെ.എസും സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. മിഥുനുണ്ടായ അപകടത്തിന്റെ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് കമ്മീഷന് കണ്ടെത്തിയിരുന്നു. അപകടകരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടിമുറിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അപകടകരമായി നില്ക്കുന്ന ശിഖരങ്ങള്‍ വെട്ടിമാറ്റാന്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലന്ന് കമ്മീഷനും ചൂണ്ടിക്കാണിച്ചിരുന്നു. കൂടുതല്‍ ധനസഹായത്തിനായി പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ഉത്തരവ് ചീഫ്സെക്രട്ടറിക്കും പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അയച്ചതായി കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: