കൊച്ചി: ഓട്ടിസം, സെറിബ്രല്‍പാള്‍സി ഉള്‍പ്പെടെ കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ ചികിത്സിക്കാനെന്ന പേരില്‍ നടത്തുന്ന അനധികൃത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍ദേശം നല്കി. കളക്ടറേറ്റില്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും യോഗത്തിലാണ് ഈ നിര്‍ദേശം. ജില്ലയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്കെതിരേ പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മജിസ്റ്റീരിയല്‍ അധികാരം ഉപയോഗിച്ച് സിആര്‍പിസി 133 പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ചില സ്ഥാപനങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചു ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്തായി മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെതിരേ മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയായ ടുഗെതര്‍ വീ കാന്‍ രംഗത്തു വന്നതോടെയാണ് പലവിവരങ്ങളും പുറംലോകം അറിയുന്നത്. ഈ കൂട്ടായ്മയുടെ ഭാരവാഹികള്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ വിശദീകരിച്ചു.
കൗണ്‍സലിംഗിലൂടെ കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങളും ചെറിയകുഴപ്പങ്ങളും പരിഹരിക്കാമെന്ന വാഗ്ദാനങ്ങളാണ് സ്ഥാപനങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ഇതിനു വിരുദ്ധമായാണ് ഇവിടങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ റിഹാബിലേറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാല്‍ പല സ്ഥാപനങ്ങളും ചില വ്യക്തികളുടെ വീടുകളുമായി ബന്ധപ്പെട്ടോ സംഘടനകളുമായി ബന്ധപ്പെട്ടോ മറ്റുള്ള തരത്തിലോ ആണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥാപനങ്ങളില്‍ കുട്ടികളെ താമസിപ്പിച്ചു ചികിത്സ നടത്തുന്നവരുമുണ്ട്. ചികിത്സയുടെ പേരില്‍ കുട്ടികള്‍ക്കു ശാരീരികവും മാനസികവുമായി പീഡനങ്ങളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്.
കുട്ടികളുടെ കൈകാലുകള്‍ തിരിച്ചൊടിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു യോഗത്തില്‍ വിശദീകരിക്കപ്പെട്ടു. പലപ്പോഴും കൗണ്‍സലിംഗ് നടക്കുന്ന സമയത്ത് മാതാപിതാക്കളെ മുറിക്കുള്ളില്‍ പ്രവേശിപ്പിക്കാറില്ല.
സംസാരിക്കാന്‍ കഴിയാത്ത കുട്ടികളാണെങ്കില്‍ തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്നു വിശദീകരിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരിക്കും. മിക്കപ്പോഴും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇവര്‍ തെറാപ്പി നല്‍കുന്നത്. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരം തെറാപ്പി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് പലയിടങ്ങളിലും നിന്നു സംഭാവനകളും സഹായങ്ങളും ലഭിക്കുന്നുണ്ട്. വിദേശ ഫണ്ടു വരെ നേടുന്ന സ്ഥാപനങ്ങള്‍ വരെ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ അനധികൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വൈകല്യം ഇവരെയും കുഴപ്പത്തിലാക്കുന്നു. ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ പ്രത്യേകമായി നിയമങ്ങളില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതിവകുപ്പാകട്ടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടത്തുന്നുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതുവരെ പരിശോധന നടത്തിയിട്ടില്ലെന്ന് ഉദ്യോഗസ്്ഥര്‍ അറിയിച്ചു. വിദ്യാഭ്യാസം, ബാലാവകാശ സംരക്ഷണം, ആരോഗ്യം എന്നീ മേഖലകളില്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അനധികൃതവും അംഗീകാരമില്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ രംഗത്ത് അച്ചടക്കം കൊണ്ടുവരാന്‍ മാര്ഗനിയന്ത്രണങ്ങള് ആവിഷ്രിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി ആലോചിച്ച ശേഷം ഇക്കാര്യം അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: