ഭാരതം ഒരു പരിവര്‍ത്തനത്തിന്റെ യുഗസന്ധിയിലൂടെയാണ് നീങ്ങുന്നത്. രാഷ്ട്രത്തിന്റെ നവോത്ഥാനം വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ. ഭാരതീയമായ വിദ്യാഭ്യാസനയവും അനുസൃതമായ വിദ്യാഭ്യാസ ബദലും രൂപപ്പെടാന്‍ വിദ്യാഭ്യാസ രംഗത്ത് കൂട്ടായ പരിശ്രമം കൂടിയേ തീരൂ.
വിദ്യാഭ്യാസ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന അപചയങ്ങള്‍ തിരുത്താനും ആധുനിക വെല്ലുവിളികളെ സധൈര്യം നേരിടാനും വ്യക്തിക്കും സമാജത്തിനും സാധിക്കണമെങ്കില്‍ ഭാരതീയദര്‍ശനത്തിലും പൈതൃകത്തിലും ഊന്നിനില്ക്കുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായം ഉരുത്തിരിഞ്ഞു വരണം. ആ ദിശയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയരൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
വിദ്യാഭ്യാസത്തെ മൂല്യശോഷണത്തില്‍ നിന്നും ദിശാരാഹിത്യത്തില് നിന്നും കരകയറ്റാനുള്ള ജനകീയ പ്രസ്ഥാനമായാണ് 2004 ല്‍ ശിക്ഷാ ബചാവോ ആന്ദോളന് സമിതി പ്രവര്‍ത്തനം ആരംഭിച്ചത്. പത്തുവര്‍ഷമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ആശാവഹമായ പരിണാമമാണ് കാണാനാവുന്നത്.
ശിക്ഷാ ബചാവോ ആന്ദോളന്
കുട്ടികളുടെ മനസ്സിനെ മലീമസമാക്കിക്കൊണ്ട് നമ്മുടെ പാഠപുസ്തകങ്ങള്‍ മഹാന്മാരേയും ആധ്യാത്മികാചാര്യന്മാരേയും ഗുരുപരമ്പരകളേയും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. ചരിത്രത്തെ വികലമാക്കി, നാടിന്റെ പാരമ്പര്യത്തിലും സംസ്കാരത്തിലും അപകര്‍ഷബോധം ജനിപ്പിക്കുന്നു. ഇത്തരം പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനും സത്യസന്ധമായി അവതരിപ്പിക്കുന്നതിനും ശിക്ഷാ ബചാവോ ആന്ദോളന് സമിതി നടത്തിയ ജനകീയ ഇടപെടലും നിയമനടപടികളും ഒരു സുവര്‍ണ്ണ വിജയഗാഥയാണ് രചിച്ചത്.
സുപ്രീംകോടതിയടക്കം വിവിധ കോടതികളില്‍ നിന്നായി പതിനൊന്ന് സുപ്രധാന വിധികളിലൂടെ നൂറ്റമ്പതോളം പാഠഭാഗങ്ങളാണ് നീക്കം ചെയ്തത്. അതില്‍ സിബിഎസ്ഇ, എന്‍സിഇആര്‍ടി, ഐസിഎസ്സി, വിവിധ സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളുടെ പാഠപുസ്തകങ്ങളും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി, ദല്‍ഹി സര്‍വ്വകലാശാല, കോഴിക്കോട് സര്‍വ്വകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠഭാഗങ്ങളും ഉള്‍പ്പെടുന്നു.
അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിന്റെ സംസ്കാരത്തേയും പാരമ്പര്യത്തേയും മഹാപുരഷന്മാരേയും തേജോവധം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയവര്ക്കെതിരെയുള്ള ശക്തമായ താക്കീതായിരുന്നു അമേരിക്കന്‍ ചരിത്രകാരിയും ചിക്കാഗോ സര്‍വ്വകലാശാലയിലെ ഇന്റോളജിസ്റ്റുമായ വേണ്ഡിഡോണികറുടെ ‘ദ ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ (ഹിന്ദുക്കളുടെ മറ്റൊരു ചരിത്രം) എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ നടത്തിയ നിയമപോരാട്ടം. മൂന്നുവര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പുസ്തകം ഭാരതത്തില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ പ്രസാധകര് നിര്‍ബന്ധിതരായി. തെരുവുയുദ്ധം നടത്താതെ, പുസ്തകം അഗ്നിക്കിരയാക്കാതെ നിയമത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തിലുള്ള ഉജ്ജ്വല വിജയമായിരുന്നു അത്.
നമുക്കു വേണ്ടുന്ന മാതൃക
ഭാരതത്തിന്റെ പൈതൃകത്തെ തകര്‍ത്തെറിയുന്നതിനുള്ള മറ്റൊരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിരുന്നു ലൈംഗിക വിദ്യാഭ്യാസം എന്ന ആഭാസം ഭാരതത്തിലെ പിഞ്ചുപൈതങ്ങളുടെ മനസ്സില്‍ കുത്തിനിറക്കാന്‍ നടത്തിയ ശ്രമം. അതിനെതിരെ ആദ്ധ്യാത്മിക, വിദ്യാഭ്യാസ പ്രസ്ഥാനങ്ങളേയും ബഹുസഹസ്രം രക്ഷകര്‍ത്താക്കളേയും സംഘടിപ്പിച്ചുകൊണ്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളും രാജ്യസഭാ പെറ്റീഷന് സമിതിക്കുമുമ്പിലുള്ള പരാതിയും ഭാരതത്തിന്റെ സംസ്കാരത്തെ തുടച്ചുനീക്കാന്‍ ആര്‍ത്തിരമ്പി വന്ന സുനാമിത്തിരമാലകളെയാണ് പ്രതിരോധിച്ചത്.
കാലത്തിന്റെ വെല്ലുവിളികളെ വ്യക്തിതലത്തിലും സമാജതലത്തിലും സധൈര്യം നേരിടാനുള്ള സ്വഭാവശുദ്ധിയും മൂല്യബോധവും നല്കി സ്വന്തം കാലില്‍ നില്ക്കാന് സാധ്യമാക്കുന്ന ഒരു ബദല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വ്യാപക ചിന്തയ്ക്ക് ജന്മം നല്കാന് ഈ പ്രതിരോധ പ്രസ്ഥാനത്തിന് കഴിഞ്ഞു. ഈ പശ്ചാതലത്തിലാണ് 2010 ല്‍ ഭാരതീയ ദര്‍ശനത്തിലും മനഃശാസ്ത്രത്തിലും ഊന്നിയുള്ളതും അനുഭവത്തിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയമെന്ന് തെളിഞ്ഞതുമായ ഒരു ദേശീയ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്താന്‍ ആവശ്യമായ പഠന-ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമായി ദില്ലി കേന്ദ്രീകരിച്ച് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് രൂപീകരിച്ചത്.
ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ്-
അടിസ്ഥാന ആശയം
വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര വികസനവും സ്വഭാവ രൂപീകരണവും സാധ്യമാക്കണം.
സമാജത്തിന്റേയും രാഷ്ട്രത്തിന്റേയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ദേശീയവും അന്തര്‍ദേശീയവുമായ വെല്ലുവിളികള്‍ക്ക് സമാധാനം കണ്ടെത്താന്‍
സഹായിക്കണം.
മൂല്യാധിഷ്ഠിതവും മാതൃഭാഷയില്‍ ഊന്നിയതുമായിരിക്കണം. ആധുനികതയും പൗരാണികതയും സമന്വയിക്കുന്നതാവണം.
സിദ്ധാന്തവും പ്രായോഗികതയും സന്തുലിതമായിരിക്കണം.
കക്ഷിരാഷ്ട്രീയത്തിനും സര്ക്കാര്വത്കരണത്തിനും
അതീതമാവണം.
സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള സേവന പ്രസ്ഥാനമായി വിദ്യാഭ്യാസം സാര്‍വ്വത്രികമായി വളരണം.
സമാജത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം
അനിവാര്യം.
ഈ ദിശയില്‍ മറ്റു വിദ്യാഭ്യാസ ഏജന്‍സികളുമായും സ്ഥാപനങ്ങളുമായും ചേര്‍ന്ന് ആറുമേഖലകളില്‍ പാഠ്യപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലുമാണ് ന്യാസ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
പഠന-ഗവേഷണ-പ്രവര്‍ത്തന മേഖലകള്‍
1. സ്വഭാവരൂപീകരണവും സമഗ്രവ്യക്തിത്വ വികസനവും സാധ്യമാക്കുന്ന വിദ്യാഭ്യാസം (വിദ്യാലയതലം)
2. മാതൃഭാഷാ വിദ്യാഭ്യാസവും ഭാരതീയ ഭാഷകളുടെ
വികസനവും.
3. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം (ഉന്നത-തൊഴില്‍ വിദ്യാഭ്യാസ രംഗത്ത്)
4. വേദഗണിതം.
5. പരിസ്ഥിതി വിദ്യാഭ്യാസം.
6. വിദ്യാഭ്യാസത്തിന്റെ സ്വയംഭരണം (ബദല്‍ വിദ്യാഭ്യാസ സംവിധാനം)
വിദ്യാഭ്യാസ രംഗത്ത് സഹകരണത്തിന്റെ പുത്തന്‍ യുഗം സ്വപ്നം കണ്ടുകൊണ്ട് വിവിധ വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ചുകൊണ്ടാണ് ന്യാസ് പ്രവര്‍ത്തിച്ചുവരുന്നത്.
പഞ്ചാബ് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ജലന്ദര്‍. മഖല്ലാല് ചതുര്‍വേദി സര്‍വ്വകലാശാല, ഭോപ്പാല്‍. എ.ബി.വാജ്പേയ് ഹിന്ദി സര്‍വ്വകലാശാല, മധ്യപ്രദേശ്.
കാളിദാസ സംസ്കൃത സര്‍വ്വകലാശാല, നാഗ്പൂര്‍. ദേവ സംസ്കൃതി സര്‍വ്വകലാശാല, ഹരിദ്വാര്‍.
വിദ്യാഭാരതി രാഷ്ട്രീയ ശൈഷിക്ക് സംസ്ഥാന്, ന്യൂദല്‍ഹി ധര്‍മ്മ വിദ്യാപീഠ്, നാഗ്പൂര്‍ ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി, പൂനെ കേവശ് വിദ്യാപീഠ്, എന്നിവ ഇതില്‍ ചിലതുമാത്രം.
കൂടാതെ മധ്യപ്രദേശ് സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് ‘മൂല്യാധിഷ്ഠിത ജീവിതം’ എന്ന സങ്കല്‍പ്പത്തില്‍ അന്തര്‍ദേശീയ തലത്തില്‍ വൈചാരിക സംവാദങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ശിക്ഷാവിദ് പുരസ്കാരം
ദേശീയതലത്തില്‍ ഭാരതീയ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും കണ്ടെത്തുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ന്യാസിന്റെ മറ്റൊരു ഉദ്യമമാണ് മദന്മോഹന മാളവ്യ ശിക്ഷാവിദ് പുരസ്കാരം. കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി ഈ പുരസ്കാരം നല്കിവരുന്നു.
ഡോ.കപില്കപൂര്, പ്രൊഫ.ഗണേഷ് വാഗഡിയ, ഡോ.എച്ച്.ആര്.നാഗേന്ദ്ര, ഡോ.പ്രണവ് പാണ്ഡ്യ, എന്നിവരാണ് ഈ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഈ വര്‍ഷം മാതാ അമൃതാനന്ദമയി ദേവിയ്ക്കാണു പുരസ്കാരം.
ദേശീയ വിദ്യാഭ്യാസ നയ കമ്മീഷന്
1965 ലും 1986 ലും ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഭാരതത്തിന്റെ അന്തരാത്മാവിനെ തൊട്ടറിയുന്നതോ മൂല്യങ്ങളില്‍ വേരൂന്നിയതോ ആയിരുന്നില്ല. ഒരു പുതിയ ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കണം എന്ന ആശയം ഇന്ന് സര്‍വ്വത്ര ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ തലത്തിലും അത്തരം നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കാലഘട്ടത്തിന് അനിവാര്യവും ഭാരതത്തിന് അനുയോജ്യവും ലോകത്തിന് മാതൃകയുമായ ഒരു നയം രൂപീകരിക്കാന്‍ ജനകീയ സംവാദത്തിന് തുടക്കം കുറിച്ചുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയ കമ്മീഷണന്റെ പ്രവര്‍ത്തനത്തിനും ന്യാസ് തുടക്കം കുറിച്ചിരിക്കുകയാണ്.
ഭാരതീയ ഭാഷകള്‍ക്കുവേണ്ടി
ദേശീയ പ്രസ്ഥാനം
ഭാഷ കേവലം ആശയപ്രചാരണത്തിന്റെ ഉപാധി മാത്രമല്ല, സംസ്കാര വാഹിനി കൂടിയാണ്. പ്രയോഗത്തിലൂടെ മാത്രമേ ഭാഷ നിലനില്ക്കുകയുള്ളൂ. വിദ്യാഭ്യാസ-ഭരണ-നീതി നിര്‍വ്വഹണ രംഗത്ത് ഇന്ന് നിലനില്‍ക്കുന്ന ഭാഷാ വിഭജനം അവസാനിക്കുകയും ഭാരതീയ ഭാഷകളുടെ പുനഃസ്ഥാപനത്തോടെ വൈവിധ്യമാര്‍ന്ന ഭാഷാ സംസ്കാരവും അതിന്റെ തനതു വ്യക്തിത്വവും തിരിച്ചെടുക്കുകയും വേണം. അത് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ അവിഭാജ്യ ഘടകവും വികസനത്തിന്റെ ചാലകശക്തിയുമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസനത്തെ ത്വരിതപ്പെടുത്താനും ഗ്രാമ,നഗര വ്യത്യാസം ഇല്ലാതാക്കാനും ദേശവ്യാപകമായി, മുഴുവന്‍ ഭാഷാ സ്നേഹികളേയും അണിനിരത്തി ഒരു ഭാരതീയ ഭാഷാപുനരുദ്ധാന പ്രസ്ഥാനം ആരംഭിക്കാനും അതിന് നേതൃത്വം നല്‍കാനും ന്യാസ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
നാല് ദിവസത്തെ ശില്പശാലയില് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദ്യാഭ്യാസ വിഭാഗങ്ങളുടെ പ്രതിനിധികള്‍, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാര്‍, വകുപ്പു മേധാവികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങി 200 ല്‍ പരം പ്രമുഖര്‍ പങ്കെടുക്കും. ശില്പശാലയില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സമഗ്രവ്യക്തിത്വ വികാസം, പരിസ്ഥിതി വിദ്യാഭ്യാസം, വേദഗണിതം, മാതൃഭാഷാ വിദ്യാഭ്യാസം തുടങ്ങി ദേശീയതലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ബദലിനെക്കുറിച്ചും കേന്ദ്രസര്‍ക്കാര്‍ മുേന്നാട്ടുവെച്ചിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയരൂപരേഖയെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും. ശില്പശാലയില് വച്ച് അഞ്ചാമത് മദനമോഹന മാളവ്യ ശിക്ഷാവിദ് പുരസ്കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: