കോട്ടയം: ലാല്സണിന്റെയും കുടുംബാംഗങ്ങളുടെയും ദാരുണമായ അന്ത്യം പാറമ്പുഴ ഗ്രാമത്തെ വിറങ്ങലിപ്പിച്ചു. ഒരു കുടുംബത്തിലെ മൂന്നംഗങ്ങളാണ് അവര്‍ നടത്തുന്ന സ്ഥാപനത്തിനുള്ളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ടനിലയില്‍ കാണപ്പെട്ടത്. തിരുവഞ്ചൂര്‍ പാറമ്പുഴ തുരുത്തേല്‍ കവലയില്‍ മൂലേപ്പറമ്പില്‍ ലാല്സണ്, ഭാര്യ പ്രസന്നകുമാരി, മൂത്തമകന് പ്രവീണ്‍ലാല്‍ എന്നിവരാണ് അരുംകൊലയ്ക്കിരയായത്.
ഇന്നലെ രാവിലെ 7.30ഓടെയാണ് വിവരം പുറത്തറിയുന്നത്. യാത്രയിലായിരുന്ന ഇളയമകന് വീടുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വീടിനു സമീപമുള്ള തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം തിരക്കാന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മണര്‍കാടു പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവാര്‍ത്ത പുറത്തറിയുന്നത്.
വിവരമറിഞ്ഞ് ആയിരങ്ങളാണ് ലാല്‍സണിന്റെ വീടിനു സമീപം തടിച്ചൂകൂടിയത്. മരിച്ച മൂന്നുപേരുടെയും കഴുത്തിനാണ് അഴമുള്ള മുറിവുകള്‍. മറ്റു ശരീരഭാഗങ്ങളിലും നിരവധി മുറിവുകളും മര്‍ദ്ദനവുമേറ്റ പാടുകളും ഉണ്ടായിരുന്നു.
സ്വതവേ ഉള്‍വലിഞ്ഞ പ്രകൃതക്കാരനായ ലാല്‍സണിന്റെ കുടുംബത്തിന്റെ ദുര്യോഗം പാറമ്പുഴ, തിരുവഞ്ചൂര്‍ പ്രദേശത്തെ ജനങ്ങളെയാകെ ഭയചകിതരാക്കി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് സംഭവസ്ഥലം സന്ദര്‍ശിച്ചു.
മരിച്ച മൂന്നുപേരുടെയും സംസ്കാരം നാളെ രാവിലെ 11ന് നടക്കും.
പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
കോട്ടയം: കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലാല്‍സണിന്റെ ലോണ്ട്രിയിലെ അന്യസംസ്ഥാന തൊഴിലാളി ജെയ്സിങ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥാപനത്തിലെ പരിസരവാസികളായ ജോലിക്കാരുടെ സഹായത്തോടെ പോലീസ് ജെയ്സിങിന്റെ രേഖാചിത്രം തയ്യാറാക്കി. കോട്ടയം റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ട്രെയിനുകളില്‍ പരിശോധന നടത്തി. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി തങ്ങുന്ന പ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എംപി ദിനേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ജില്ലയിലെ അന്യസംസ്ഥാനതൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരം പോലീസിനില്ല എന്നതാണ് അന്വേഷണസംഘം നേരിടുന്ന വലിയ വെല്ലുവിളി. എന്നാല്‍ നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ ആധാര്‍കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി വയ്ക്കുന്നതിനുള്ള തിരക്കിലാണെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: