കെയ്‌റോ: ഈജിപ്റ്റ് മുന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ വിധിച്ച ഈജിപ്റ്റ് കോടതി വിധിക്കെതിരേ വ്യാപക പ്രതിഷേധം. ഈജിപ്റ്റില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പ്രതിഷേധം കനപ്പിക്കുമ്പോള്‍, ലോക രാജ്യങ്ങളും നടപടിയെ എതിര്‍ത്ത് രംഗത്തെത്തി.
ഇത്തരത്തില്‍ കൂട്ട വിചാരണ നടത്തി ശിക്ഷ വിധിക്കുന്നത് ശരിയല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്‌ട്ര സമൂഹത്തോടും നിയമത്തോടുമുള്ള ബാധ്യത നിറവേറ്റാന്‍ ഈജിപ്റ്റിലെ പട്ടാള ഭരണകൂടത്തിനാകുന്നില്ലെന്നും പ്രസ്താവന വിശദീകരിക്കുന്നു. യുഎന്നും യൂറോപ്യന്‍ യൂണിയനുമടക്കമുള്ള രാജ്യാന്തര സംഘടനകളെല്ലാം വിധിയെ അപലപിച്ചു.
മുഹമ്മദ് മുര്‍സി, മുസ്ലിം ബ്രദര്‍ഹുഡ് ആത്മീയാചാര്യന്‍ മുഹമ്മദ് ബാദി ഉള്‍പ്പെടെ 104 പേരെയാണ് ഈജിപ്റ്റ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരേ നടത്തിയ പ്രക്ഷോഭത്തിനിടെ 2011ലുണ്ടായ കൂട്ട ജയില്‍ച്ചാട്ടങ്ങളുമായി ബന്ധപ്പെട്ടാണ് ശിക്ഷ. വിധി മേല്‍ക്കോടതി ശരിവച്ച്, ഗ്രാന്റ് മുഫ്തിയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ ശിക്ഷ നടപ്പാകും.
















