കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കു വധശിക്ഷ. ഈജിപ്തിലെ ഒരു കോടതിയാണു വധശിക്ഷ വിധിച്ചത്. ജയില്‍ തകര്‍ത്ത് മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് വധശിക്ഷ. ഈജിപ്തിലെ ആത്മീയ നേതാവ് ഗ്രാന്‍ഡ് മുഫ്തി അംഗീകരിച്ചാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കു.
പ്രസിഡന്റായിരിക്കെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയ കേസില്‍ നേരത്തെ മുര്‍സിക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. മറ്റ് രണ്ട് കേസുകളും ഇദ്ദേഹത്തിന് എതിരായി ചുമത്തിയിരുന്നു.
2013ലാണ് കനത്ത സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ മുര്‍സിയെ പുറത്താക്കി സൈന്യം ഭരണം പിടിച്ചെടുത്തത്. ഇതിനെതിരെ മുര്‍സി അനൂകൂലികള്‍ രാജ്യമെങ്ങും വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്.
പ്രതിഷേധ പ്രകടനം നടത്തിയ 817 പേരാണ് അന്ന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് മുര്‍സി അനുകൂലികളും തടവ് ശിക്ഷ അനുഭവിച്ച് വരികയാണ്.
















