പള്ളുരുത്തി: ഒരിടവേളക്കുശേഷം പടിഞ്ഞാറന്‍ കൊച്ചിയില്‍ റേസിംഗ് ബൈക്കുകള്‍ നിരത്തുകള്‍ കീഴടക്കി പായുന്നു. നിയന്ത്രണമില്ലാതെ ചീറിപ്പായുന്ന ബൈക്കുകള്‍ക്കെതിരെ നടപടിയെടുക്കാനാവാതെ കുഴയുകയാണ് അധികൃതര്‍. ജനത്തിരക്കേറിയ പള്ളുരുത്തി റോഡ്, നാല്പതടി റോഡ്, പെരുമ്പടപ്പ് റോഡ് എന്നിവിടങ്ങളില്‍ സര്‍വ്വവിധ സ്വാതന്ത്ര്യത്തോടെ ഇത്തരം ബൈക്കുകള്‍ കുതിക്കുകയാണ്.
പള്ളുരുത്തി റോഡില്‍ കഴിഞ്ഞ ദിവസം സ്പീഡ്ബൈക്കിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഫോര്‍ട്ടുകൊച്ചി ബീച്ച്റോഡാണ് സ്പീഡ്ബൈക്കുകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നത്. ഒരുവര്‍ഷം മുമ്പ് സ്പീഡ്ബൈക്കിടിച്ച് 5 വയസുകാരി മരിച്ചതിനെതുടര്‍ന്ന് ഇത്തരം ബൈക്കുകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും നടപടി കുറഞ്ഞതോടെയാണ് വീണ്ടും സ്പീഡ്ബൈക്കുകള് പശ്ചിമകൊച്ചിക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
390 സിസി, 220 സിസി ബൈക്കുകളാണ് ഇവിടുത്തെ ഇടറോഡുകളില്‍വരെ പായുന്നത്. ഒരുലക്ഷത്തിന് മുകളിലാണ് ഇതിന്റെ വില. ഡ്യൂക്ക് വിഭാഗത്തില്‍പ്പെട്ട ബൈക്കുകളാണ് റേസിംഗിനുവേണ്ടി മാത്രം ഉപയോഗിക്കുന്നത്. അറുപത് കിലോമീറ്റര്‍ വേഗതയിലും അധികം സഞ്ചരിച്ചാല്‍ ഏതുനിമിഷവും അപകടം സംഭവിക്കാമെന്നിരിക്കെ നൂറിനും 150 നുമിടയിലാണ് ബൈക്കുകാര് സഞ്ചരിക്കുന്നത്.
അതേസമയം പടിഞ്ഞാറന്‍ കൊച്ചിയിലെ സ്പീഡ് ബൈക്കുകളെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി ജോ. ആര്‍ടിഒ ബാബുജോണ്‍ ജന്മഭൂമിയോട് പറഞ്ഞു. അമിതവേഗതയില്‍ പായുന്ന ബൈക്കുകളുടെ ഉടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: