പമ്പാവാലി: വര്‍ഷങ്ങളായി മലയോരമേഖലയില്‍ താമസിക്കുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാത്തതിലും കൈവശഭൂമിയില്‍ സ്വന്തം വീട്ടാവശ്യത്തിനായി മരംവെട്ടിമുറിക്കാനുമുള്ള നിയമം റദ്ദാക്കിയതിലും പ്രതിഷേധിച്ച് മരംവെട്ടി നാട്ടാകാരുടെ പ്രതിഷേധ സമരം.
പമ്പാവാലി-എഴുകുമണ്‍ മേഖലയിലെ നൂറുകണക്കിന് കര്‍ഷക കുടുംബങ്ങളാണ് കൈവശഭൂമിയില്‍ സ്വന്തമായി നട്ടുവളര്‍ത്തിയ മരങ്ങള്‍ പോലും വെട്ടാനാവാതെ ദുരിതത്തിലായിരിക്കുന്നത്. മരംവെട്ട് സമരത്തെ സംസ്ഥാനത്തെ ഇരുമുന്നണികളും അഗവണിക്കുകമാത്രമല്ല ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും പമ്പാവാലി ജനകീയ സമരസമിതി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട് മറ്റ് വകുപ്പ് മന്ത്രിമാരുമായും ഏഴ് തവണയിലധികം ചര്‍ച്ചകള്‍ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോകസഭാ തെര ഞ്ഞെടുപ്പിനിടയില് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി പട്ടയം നല്‍കാമെന്ന് പറഞ്ഞെങ്കിലും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.
ഒരു മരം മുറിക്കുമ്പോള്‍ രണ്ട് മരങ്ങള്‍ നട്ടുകൊണ്ടുള്ള ജനകീയ സമരത്തിന്റെ ഭാഗമായി കുളങ്ങരവീട്ടില്‍ കെ.വി തോമസിന്റെ കൈവശഭൂമിയിലെ ആഞ്ഞിലിമരം വെട്ടിയായിരുന്നു സമരം. 2006 ല്‍ എരുമേലി സൗത്ത് വില്ലേജില്‍പെട്ട 10, 11 വാര്‍ഡുകളില്‍ നിന്നും സ്വന്തം ആവശ്യത്തിനായി കൈവശഭൂമിയില്‍ നിന്നും നിയമവിധേയമായി മരങ്ങള്‍ വെട്ടിമാറ്റാനുള്ള നിയമം പോലും റദ്ദാക്കിയാണ് വനം വകുപ്പ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
വനസംരക്ഷണനിയമം ലംഘിച്ച് മരം മുറിക്കുകയും സംഘടിച്ചെത്തുകയും ചെയ്ത നാട്ടുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പമ്പാറേഞ്ച് ഓഫീസര്‍ സന്ദീപ് ജന്മഭൂമിയോട് പറഞ്ഞു.
സമരത്തിന് നൂറികണക്കിന് ആളുകള്‍ പങ്കെടുത്തു. സമരത്തിന് ഫാ. ഡൊമനിക് ആയലുപറ മ്പില്‍, പഞ്ചായത്തംഗം സിബി കൊറ്റനെല്ലൂര്‍, സതീഷ് ഉറുമ്പില്‍, സാബു കാലാപറമ്പില്‍, സന്തോഷ് പാലമൂട്ടില്‍, കുരുവിള താഴത്തുവീട്ടില്‍, ശശി പാറയില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: