അര്‍ഹന്മാര്‍മാത്രം അതിജീവിക്കുന്നു എന്നു പറയാറുണ്ട്. അപ്പോള്‍, സാധാരണമായ അഭിപ്രായമനുസരിച്ച് അര്‍ഹത ഏറ്റവും കുറഞ്ഞ വംശക്കാരായ നമ്മള്‍, ഏതു വംശത്തിനും പിണഞ്ഞിട്ടുള്ളവയില്‍വെച്ച് ഏറ്റവും ഭയങ്കരമായ ദൗര്‍ഭാഗ്യങ്ങള്‍ വന്നുകൂടിയിട്ടും, എന്തുകൊണ്ടാണ് ഇപ്പോഴും, അപക്ഷയത്തിന്റെ ഏറ്റവും നേര്‍ത്ത ലാഞ്ഛനങ്ങള്‍പോലും കാട്ടാത്തത്? ഊര്‍ജ്ജസ്വലം, സക്രിയം എന്നും മറ്റും പറയപ്പെടുന്ന വംശക്കാരുടെ പെരുകിയ ശക്തികള്‍ പ്രതിദിനം ക്ഷയിക്കുമ്പോള്‍, എന്തുകൊണ്ടാണ് അസാന്മാര്‍ഗ്ഗികനായ ഹിന്ദു അവരെക്കാളെല്ലാം കൂടുതല്‍ വളര്‍ച്ചയ്‌ക്കു കഴിവു കാട്ടുന്നത്.
ഒരു ഞൊടിയിടയില്‍ ലോകമാകെ രക്തത്തില്‍ ആറാടിക്കാന്‍ കഴിവുള്ളവര്‍ക്ക് നിശ്ചയമായും വിജയമാല്യം നല്‍കേണ്ടതുതന്നെ. കുറെ ദശലക്ഷങ്ങളുടെ ക്ഷേമത്തിനായി ലോകരില്‍ പകുതിയെ പട്ടിണിക്കിടന്നവരുടെ മഹനീയത വലുതുതന്നെ. എന്നാല്‍ മറ്റുള്ളവരുടെ ശാപ്പാടു തട്ടിയെടുക്കാതെ, ബഹുശതം ദശലക്ഷങ്ങളെ സമാധാനത്തിലും ക്ഷേമത്തിലും പോറ്റിപ്പോന്നവര്‍ ഒട്ടും ശ്ലാഘ്യരല്ലേ? നൂറുനൂറു നൂറ്റാണ്ടുകളിലൂടെ, മറ്റുള്ളവരെ തെല്ലും ഹിംസിക്കാതെ കണക്കറ്റ ദശലക്ഷങ്ങളുടെ ഭാഗധേയങ്ങളെ രൂപപ്പെടുത്തുകയും നയിക്കയും ചെയ്യുന്നതില്‍ ഒരു പ്രഭാവവും ആവിഷ്‌ക്കരിക്കപ്പെടുന്നില്ലേ?
















