തിരുവനന്തപുരം: കുടുംബങ്ങളില്‍നിന്ന് സംസ്കാരം അകലുന്നതാണ് കുട്ടികള്‍ വഴിതെറ്റിപ്പോകുന്നതിന് കാരണമെന്ന് അമൃതാന്ദ മഠം സ്വാമി ജ്ഞാനാമൃതാന്ദപുരി. അന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ ഹൈന്ദവ ഐക്യത്തിന് മാതൃകാകുടുംബം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് നിലനില്ക്കുന്നതില് ഏറ്റവും പുരാതനമായ സംസ്കാരമാണ് ഹിന്ദുസംസ്കാരം. വസുധൈവകുടുംബകം എന്ന് ലോകത്തെ പഠിപ്പിച്ചതുതന്നെ ഹിന്ദുസംസ്കാരമാണ്. പക്ഷേ ഇന്ന് ആ സംസ്കാരം നമ്മുടെ കുടുംബങ്ങളില്‍ നിന്നുപോലും അകന്നിരിക്കുന്നു. ലോകത്ത് ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഹിന്ദുസംസ്കാരത്തിനുമാത്രമേ കഴിയൂ.നമ്മുടെ സംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുനല്‍കേണ്ട കുടുംബങ്ങള്‍ ഇന്ന് വാസസ്ഥലങ്ങള്‍ മാത്രമായിമാറി.
ഒരു കുടക്കീഴില് താമസിച്ചിട്ടുപോലും ബന്ധങ്ങള്‍ നശിക്കുന്നു. ഈ അവസ്ഥ ഇല്ലാതാകണമെങ്കില്‍ നമ്മുടെ സംസ്കാരം കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുനല്‍കണം. ഇല്ലെങ്കില്‍ വാര്‍ധക്യത്തില്‍ അനാഥാലയങ്ങളില്‍ ശരണം പ്രാപിക്കേണ്ടിവരും. സംസ്കാരം പട്ടണങ്ങളില്‍നിന്ന് അകലുകയും ഗ്രാമങ്ങളില്‍മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സംസ്കാരമാണ് യഥാര്‍ത്ഥ സമ്പത്ത്. ആ സംസ്കാര സമ്പത്ത് ലഭിക്കാത്തതാണ് താലികത്തിക്കല്പോലുള്ള സംഭവങ്ങള്‍ക്ക് കാരണമെന്നും സ്വാമി പറഞ്ഞു.
സമ്മേളനത്തില്‍ അനന്തപുരി ഹിന്ദുമഹാ പരിഷത്ത് വര്‍ക്കിംഗ് ചെയര്മാന് പി. അശോക് കുമാര്‍ അദധ്യക്ഷനായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ട്രഷറര്‍ കെ. അരവിന്ദാക്ഷന് നായര്‍, കൈമനം അമൃതാന്ദമയി മഠം മഠാധിപതി ബ്രഹാമചാരി ശിവാമൃത ചൈതന്യ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.
രാവിലെ നടന്ന ഗോത്ര സമ്മേളനം കൈമനം അമൃതാന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി ശിവാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. വനവാസികളുടെ അവകാശ സംരക്ഷണത്തോടൊപ്പം പൈതൃക സുരക്ഷ ഉറപ്പുവരുത്തേണ്ടതും സര്‍ക്കാരിന്റെ കടമയാണ്. പൈതൃകം സംരക്ഷണം ഉണ്ടായില്ല എങ്കില്‍ ആദിവാസി-വനവാസി ഗോത്രം തന്നെ അന്യമാകും. മതപരിവര്‍ത്തനത്തിലൂടെ ഈശ്വരവിശ്വാസം മാത്രമല്ല പൊതുപാരമ്പര്യവും സംസ്കാരവുമാണ് അന്യവല്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനവാസി മേഖലയില്‍ ദീര്‍ഘകാലമായി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന സുധീര്‍, ഊരുമൂപ്പന്മാരായ മല്ലന്‍കാണി വൈദ്യര്, ചന്ദ്രന്‍കാണി, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മല്ലന്‍കാണി വൈദ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ നെട്ടയം ശ്രീരാമ കൃഷ്ണാശ്രമത്തിലെ ആചാര്യന്മാരായ സ്വമി സമ്പൂര്ണ്ണാനന്ദജി മഹാരാജ്, സ്വമി ദുര്ഗ്ഗാനന്ദജി മഹാരാജ് അന്തപുരി ധര്‍മ്മ പരിഷത്ത് ജനറല്‍സെക്രട്ടറി എം. ഗോപാല്‍, വിശ്വഹിന്ദു പരിഷത്ത് ജില്ലാ ദ്ധ്യക്ഷന് നാരായണ്‍ റാവു, വനവാസി വികാസകേന്ദ്രം ജില്ലാസെക്രട്ടറി ആര്.രാമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. വനനിയമം ആശയും-ആശങ്കയും എന്നവിഷയത്തില്‍ ആദിവാസി മഹാ സഭാ പ്രസിഡന്റ് മോഹന്‍ ത്രിവേണി, ഭാസ്കരന് കാണി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. സമ്മേളനാനന്തരം വിവധ ആദിവാസി ഊരുകളില്‍ നിന്നെത്തിയവര്‍ ആവതരിപ്പിച്ച വിവധ കലാരൂപങ്ങളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: