തിരുവില്വാമല: ദേശക്കൂട്ടായ്മയില്‍ ഇന്ന് പറക്കോട്ടുകാവ് താലപ്പൊലി ആഘോഷിക്കും. പുലര്‍ച്ചെ 4.30ന് നടതുറന്ന് വിശേഷാല്‍ പൂജകളോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. രാവിലെ 10ന് ഭഗവതിയുടെ ശ്രീമൂലസ്ഥാനമായ വടക്കെ കൂട്ടാല ദേവീക്ഷേത്രത്തില്‍ നിന്നും വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനമായ എരവത്തൊടി ഓടിട്ട കൂട്ടാലയില്‍ നിന്നും ഒരലാശ്ശേരിയില് നിന്നും പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും.
കിഴക്കുമുറി ദേശം അയ്യപ്പന്‍കോവിലില്‍ കേളി പറ്റ് മേളം എന്നിവക്ക് ശേഷം 12.30ഓടെ എഴുന്നള്ളിപ്പ് ആരംഭിക്കും. പാമ്പാടി ദേശം മന്ദം ഭദ്രകാളി ക്ഷേത്രനടക്കല്‍ പറയെടുപ്പ്, കേളി, പറ്റ് എന്നിവക്ക് ശേഷം 11.30ന് പഞ്ചവാദ്യം ആരംഭിക്കും., പൂതന്‍, തിറ, വെള്ളാട്ട് എന്നിവയുടെ അകമ്പടിയോടെയാണ് എഴുന്നള്ളിപ്പ്, പടിഞ്ഞാറ്റുമുറി ദേശത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പേറ്റും. വൈകീട്ട് 6നും തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് വെടിക്കെട്ട് നടക്കുക. അക്ഷയ ഫയര്‍വര്‍ക്സ് സുരേന്ദ്രന്, വെണ്ണൂര്‍ കൃഷ്ണന്, ഉമ്മര്‍ പത്തിരിപ്പാല എന്നിവര്‍ ചേര്‍ന്നാണ് കിഴക്കുംമുറി ദേശത്തിനുവേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്.
പാമ്പാടി ദേശത്തിനു വേണ്ടി തിരുവാഴിയോട് മഹേഷ്, വിനു എന്നിവരും പടിഞ്ഞാറ്റുമുറി ദേശത്തിനുവേണ്ടി കുണ്ടന്നൂര്‍ സുന്ദരാക്ഷനും വെടിക്കെട്ടൊരുക്കും. താലപ്പൊലിയോടനുബന്ധിച്ച് തിരുവില്വാമലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കിഴക്കുമുറി ദേശം എസ്എം കല്യാമണ്ഡപത്തിലും, പടിഞ്ഞാറ്റുമുറി ദേശം ശ്രീഭഗവതി ഓഡിറ്റോറിയത്തിലും പാമ്പാടി ദേശം മന്ദം ക്ഷേത്രം ഹാളിലും ചമയ പ്രദര്‍ശനം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: