കൊട്ടാരക്കര: കൊട്ടാരക്കര എം.സി. റോഡില്‍ പുലമണ്‍ ജംഗ്ഷനു സമീപം സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത് ജനങ്ങള്‍ പരിഭ്രാന്തിയിലായി. സമീപത്ത് വൈദ്യുത ലൈന്‍ പൊട്ടിവീണു. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി. സ്ഫോടനം നടന്നത് മുഖ്യമന്ത്രിയും ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും കടന്നു പോകുന്നതിന് തൊട്ടുമുമ്പാണ്.
സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. പള്ളിക്കല്‍ കിഴക്ക് മണ്ണറ കാരാളിയില്‍ വീട്ടില്‍ വാവ എന്നു വിളിക്കുന്ന മോഹന്‍ലാല്‍ (41) ആണ് പിടിയിലായത്. ഇയാള്‍ മാനസിക വിഭ്രാന്തി ഉള്ളയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പുലമണ്‍ ട്രാഫിക് ഐലന്റനു സമീപം പെട്രോള്‍ പമ്പിനോട് ചേര്‍ന്ന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് വന്‍ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സമീപത്ത് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും, കത്തിക്കുകയും ചെയ്തു വരുന്നത് ഇവിടെയാണ്.
ഇപ്പോള്‍ കസ്റ്റഡിയിലുള്ള പള്ളിക്കല്‍ സ്വദേശി കൊട്ടാരക്കര ടൗണില്‍ അലഞ്ഞു നടന്ന് ആക്രി സാധനങ്ങള്‍ പെറുക്കുന്ന ആളാണ്. 12 മണിയോടെ ഇയാള്‍ പുലമണ്‍ ജംഗ്ഷനില്‍ നിന്ന് കോട്ടയം റോഡിലേക്ക് നടന്നു വരികയും കൈയിലുണ്ടായിരുന്ന ഏതോ സാധനം കത്തികൊണ്ടിരിക്കുന്ന മാലിന്യത്തിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. അല്പം കഴിഞ്ഞ് ഉഗ്രശേഷിയോടെ തീ കത്തുകയും സ്ഫോടനം സംഭവിക്കുകമായിരുന്നു.
സ്ഫോടനത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്നും 100 മീറ്റര്‍ മാറി ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഭാഗങ്ങളും മറ്റ് ഇരുമ്പു കമ്പികളും കണ്ടെടുത്തിട്ടുണ്ട്.
ഇത് ശാസ്ത്രീയപരിശോധനയക്ക് വിധേയമാക്കും. മാലിന്യം നിക്ഷേപിക്കുന്നിടത്ത് ബള്‍ബുകള്‍, ട്യൂബുകള്‍, കുപ്പികള്‍ എന്നിവയുണ്ട്. ഇയാള്‍ വലിച്ചെറിഞ്ഞ സാധനം മാരകശേഷിയുള്ളതാണോ എന്നും അന്വേഷണത്തില്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. അവിവാഹിതനായ ഇയാള്‍ ഒറ്റയ്ക്കാണ് താമസം. മാനസിക രോഗത്തിന് ചികിത്സ നടത്തിവന്നിരുന്നതായി രേഖകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് സമീപത്താകെ പ്രകമ്പനം ഉണ്ടായി. ജനങ്ങള്‍ സമീപത്ത് വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മറ്റും പുറത്തേക്ക് ഓടുകയും ചെയ്തു. 11 കെ.വി.ലൈന്‍ പൊട്ടി വീണ് പുലമണ്‍ ജംഗ്ഷനില്‍ വൈദ്യുതി തകരാറുണ്ടായി.സമീപത്ത് വ്യപാരസ്ഥാപനങ്ങളുടെ ബോഡുകളും മറ്റും തകര്‍ന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ പരിശോധന നടത്തി. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: