കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സുമാര്‍ക്ക് ദിവസവേതനമായി 450 രൂപയെങ്കിലും നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റിലെ വ്യവസ്ഥകളും നടപ്പിലാക്കണം. ഇവ നടപ്പിലാക്കിയില്ലെങ്കില്‍ നിയമാനുസൃതമായ നടപടികള്‍ തൊഴിലാളികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് വികസന സമിതിയുടെ കീഴില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഇവര്‍ക്ക് 370 രൂപയാണ് ദിവസവേതനം.
സൊസൈറ്റി സെക്രട്ടറി, ജില്ലാകളക്ടര്‍, തൊഴില്‍ സെക്രട്ടറി എന്നിവരില്‍ നിന്നും കമ്മീഷന് വിശദീകരണം തേടിയിരുന്നു.
സൊസൈറ്റി നിയമലംഘനം നടത്തുകയാണെന്ന് തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സൊസൈറ്റി ചെയര്മാന് ജില്ലാകളക്ടറും സെക്രട്ടറി മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാണ്. ഇവര്‍ക്കെതിരെ നിയമലംഘനത്തിന് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇക്കാര്യം പരിശോധിക്കാന്‍ സൊസൈറ്റിയുടെ ബൈലോ ആവശ്യമാണ്. ബൈലോ ഹാജരാക്കാന്‍ സൊസൈറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ലെന്ന് തൊഴില്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സ്ഥാപനത്തില്‍ പരിശോധന നടത്തി ബൈലോ കരസ്ഥമാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തൊഴില്‍ സെക്രട്ടറി അറിയിച്ചു. മൊത്തം 298 ജീവനക്കാര്‍ സൊസൈറ്റിയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്സിന് ദിവസവേതനമായി നല്‍കുന്നത് 506 രൂപയാണ്. ഡ്രൈവര്‍ക്ക് 440 രൂപയും.
20 പേരില്‍ കൂടുതല്‍ വികസന സൊസൈറ്റിയില്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇ.പി.എഫും ഇ എസ് ഐ യും ബാധകമാണണെന്ന് ഉത്തരവില്‍ പറയുന്നു. നിയമങ്ങള്‍ നടപ്പിലാക്കാന്‍ സാമ്പത്തിക ബാധ്യത ഒരു കാരണമല്ല. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കാന്‍ സൊസൈറ്റിയുടെ ഉദ്ദേശം എത്ര മഹത്തരമാണങ്കെിലും സാധ്യമല്ലെന്നും ഉത്തരവില്‍ പറയുന്നു. മുന്നു മാസത്തിനകം നടപി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഉത്തരവ് ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ജില്ലാ ലേബര്‍ ഓഫീസര്‍ക്കും അയച്ചതായി കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: