ന്യൂദല്‍ഹി: യുദ്ധത്തിന്റെയും ഹിംസയുടെയും വഴിയില്‍നിന്നു മുക്തിനേടാന്‍ ഭഗവാന്‍ ബുദ്ധന്‍ നല്‍കിയ സ്‌നേഹത്തിന്റെയും അനുകമ്പയുടെയും കാലാതീതമായ സന്ദേശം പിന്തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്‍ഹിയില്‍ ബുദ്ധ പൂര്‍ണിമയോടനുബന്ധിച്ച് നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീബുദ്ധന്റെ മാര്‍ഗം പിന്തുടര്‍ന്നാല്‍ ലോകത്ത് യുദ്ധങ്ങള്‍ ഒഴിവാകും.
ലോകത്ത് സംഘര്‍ഷങ്ങളൊഴിവാക്കി സമന്വയത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ശ്രീബുദ്ധന്റെ ഉദ്‌ബോധനങ്ങള്‍ക്ക് ശക്തിയുണ്ട് . ഇരുപത്തൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാകണമെങ്കില്‍ ശ്രീബുദ്ധന്റെ ഉദ്‌ബോധനങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകാന്‍ നമ്മള്‍ തയ്യാറാകണം . മോദി പറഞ്ഞു.
ലോകമാകെ അംഗീകരിച്ച കാര്യമാണ് 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന്. ഏഷ്യയ്‌ക്ക് വെളിച്ചം പകരുന്നത് ബുദ്ധോപദേശങ്ങളാണ്. ആ പ്രകാശമാണ് ഏഷ്യയ്‌ക്കാകെ പ്രചോദനവും മാര്‍ഗ്ഗദര്‍ശകവുമാകുന്നത്. അതാണ് ലോകത്തിനാകെ വിദ്വേഷത്തിന്റെയും സംഘര്‍ഷത്തിന്റെയും പാതയില്‍നിന്നു മോചനം നല്‍കുന്നത്, മോദി പറഞ്ഞു.
ഭഗവാന്‍ ബുദ്ധന്റെ ജന്മദേശമായ നേപ്പാളില്‍ സംഭവിച്ച ഭൂകമ്പ ദുരിതങ്ങള്‍ ആരുടെയും മനസ്സാക്ഷി ഉണര്‍ത്തുന്നതാണ്. കാരുണ്യമെന്ന ബുദ്ധോപദേശം ഉള്‍ക്കൊണ്ട് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് മോദി പറഞ്ഞു.
വ്യക്തിമോക്ഷത്തിനൊപ്പം സാമൂഹ്യ പരിഷ്‌കരണവും ബുദ്ധന്റെ സന്ദേശമായിരുന്നു. സംഘബോധത്തിന് അദ്ദേഹം കൊടുത്തിരുന്ന പ്രാധാന്യം സമൂഹത്തെ ഒന്നിപ്പിക്കലിനു നല്‍കിയിരുന്ന പ്രാമുഖ്യം വ്യക്തമാക്കുന്നു. അഥ ദീപോ ഭവഃ, സ്വന്തം ദീപമായിത്തീരൂ എന്ന ഉപദേശം ഏറ്റവും മഹത്തായ പാഠമാണ്.
കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി മഹേഷ് ശര്‍മ്മ, ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു, അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ലാമാ ലോബ്‌സാങ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷം മുതല്‍ ബുദ്ധ പൂര്‍ണിമ വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .ബൗദ്ധ പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിക്കാനും തീര്‍ത്ഥാടന വിനോദ സഞ്ചാര മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് കേന്ദ്രം ബുദ്ധപൂര്‍ണിമയുടെ വിപുലമായ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
















