ന്യൂദല്‍ഹി: ബോംബെ പ്രസ്‌ക്ലബിന്റെ പ്രശസ്തമായ റെഡ് ഇങ്ക് മാധ്യമപുരസ്‌കാരം മലയാളി പത്രപ്രവര്‍ത്തകന്‍ ദിനേശ് നാരായണന്. ഒരേ വര്‍ഷം രണ്ട് വിഭാഗത്തില്‍ റെഡ് ഇങ്ക് പുരസ്‌കാരം നേടിയ വ്യക്തിയെന്ന് പ്രത്യേകതയും അദ്ദേഹം കരസ്ഥമാക്കി.
‘കാരവാന്‍’ മാസികയില്‍ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെക്കുറിച്ചുളള ലേഖനം ഏറ്റവും മികച്ച രാഷ്‌ട്രീയ ലേഖനത്തിനുളള പുരസ്‌കാരം നേടി.
മുംബൈയിലെ വ്യവസായി ജിഗ്‌നേഷ് ഷായെക്കുറിച്ചുളള ലേഖനത്തിന് മികച്ച ബിസിനസ് റിപ്പോര്‍ട്ടിംഗിനുളള പുരസ്‌കാരവും കരസ്ഥമാക്കി. മുംബൈയിലെ എന്‍സിപിഎ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്രറെയില്‍ മന്ത്രി സുരേഷ് പ്രഭു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഇക്കണോമിക് ടൈംസ് ദല്‍ഹി യൂണിറ്റില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററാണ് ദിനേശ് നാരായണന്‍. ഹിന്ദു ബിസിനസ് ലൈന്‍, ടൈംസ് ഓഫ് ഇന്ത്യ, ബിസിനസ് വേള്‍ഡ്, ഫോബ്‌സ് മാഗസിന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളള ദിനേശ് നാരായണന്‍ തൊടുപുഴ മണക്കാട് കൊച്ചുകണ്ടത്തില്‍ കുടുംബാംഗമാണ്.
നേരത്തെ സ്‌പെയിന്‍ ആസ്ഥാനമായുളള ഐഇ ബിസിനസ് സ്‌കൂളിന്റെ അന്താരാഷ്‌ട്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബ്ലൂംബര്‍ഗ് ന്യൂസ് ഏജന്‍സിയില്‍ മാധ്യമപ്രവര്‍ത്തകയായ അര്‍ച്ചന ചൗധരിയാണ് ഭാര്യ. ഒന്നാംക്ലാസ് വിദ്യാര്‍ഥി അഗസ്ത്യ നാരായണന്‍ മകനാണ്.
















