ന്യൂദല്‍ഹി: സ്വാതന്ത്യസമരത്തിലെ ധീരദേശാഭിമാനികളുടെയും ദേശീയ നായകന്മാരുടെയും ജന്മവാര്‍ഷികങ്ങള്‍ ദേശീയതലത്തില്‍ ആഘോഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. മഹാറാണാ പ്രതാപ്, ലാലാ ലജ്പത്‌റായി എന്നിവരുള്‍പ്പടെയുള്ളവരുടെ ജന്മവാര്‍ഷികങ്ങള്‍ ആഘോഷിക്കുവാനാണ് പദ്ധതിയെന്നാണ് സൂചന. മഹാത്മാഗാന്ധിയുടെയും സര്‍ദ്ദാര്‍ വല്ലഭഭായി പട്ടേലിന്റെയും ഡോ. അംബേദ്കറുടെയും ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ശേഷമാണ് കുടുതല്‍ ദേശീയ നേതാക്കളുടെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
മാനവവിഭവശേഷി മന്ത്രാലയം ഇത് സംബന്ധിച്ച് യോഗം ചേരുകയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ദേശീയ നേതാക്കളുടെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. മഹാറാണാ പ്രതാപിന്റെ 475-ാമത് ജന്മവാര്‍ഷികം ആഘോഷിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേര്‍ന്ന് എച്ച്ആര്‍ഡി മന്ത്രാലയം വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന ലാലാ ലജ്പത്‌റായിയുടെ 150-ാം ജന്മവാര്‍ഷികം 2016ല്‍ വലിയതോതില്‍ ആഘോഷിക്കുവാനാണ് പദ്ധതി. ദീനദയാല്‍ ഉപാദ്ധ്യായ, സ്വാതന്ത്ര്യസമരസേനാനി താന്തിയ തോപ്, ഒഡീഷ്യ മുന്‍മുഖ്യമന്ത്രി ബിജു പട്‌നായിക്, ഹിന്ദി എഴുത്തുകാരന്‍ ബിശ്വാസ് സാഹ്നി എന്നിവരുടെ ജന്മവാര്‍ഷികം ആഘോഷിക്കുവാന്‍ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, സ്മൃതി ഇറാനി, മഹേഷ് ശര്‍മ്മ എന്നിവരാണ് കമ്മറ്റിയിലുള്ളത്. കൂടുതല്‍ ദേശീയ നേതാക്കളുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികാഘോഷവേളയില്‍ ഒക്‌ടോബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ്ഭാരത് പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളിലും മന്ത്രാലയങ്ങളിലും രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കപ്പെട്ടിരുന്നു. സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ 139-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ദേശീയ ഐക്യത്തിനായുള്ള കൂട്ടഓട്ടത്തിന്റെ ഫഌഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചിരുന്നു.
ബി.ആര്‍. അംബേദ്കറുടെ ജന്മശതാബ്ദി ബിജെപി ദേശവ്യാപകമായി ആഘോഷിച്ചിരുന്നു. ന്യൂദല്‍ഹിയില്‍ അംബേദ്കറുടെ പേരിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി നടക്കാതിരുന്ന കാര്യമാണ് എട്ട് മാസത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നടത്തിയത്. കഴിഞ്ഞമാസം പ്രധാനമന്ത്രി സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചിരുന്നു.
















