പാലാ: പാലാ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്നുമാസമായി പ്രവര്‍ത്തനരഹിതമായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് താലൂക്ക് സഭ. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗം എക്സി. എഞ്ചിനീയര്‍ കോട്ടം അസി. എക്സി. എഞ്ചിനീയര്‍ പാലാ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്കി. ആശുപത്രിയുടെ ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തത് മൂലം രോഗികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ നടന്ന താലൂക്ക് സഭയില്‍ വിഷയം പൊതു പ്രവര്‍ത്തകനായ എം.ആര്. രാജു ശ്രദ്ധയില്‍പ്പെടുത്തി. ആറ് നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്ക് റാംപ് ഇല്ലാത്തതിനാല്‍ ലിഫ്റ്റ് മാത്രമാണ് രോഗികള്‍ക്ക് ഏക ആശ്രയം. മാസങ്ങളായി ഇതു നിശ്ചലമാണ്. ആശുപത്രിയുടെ ആറാം നിലയിലാണ് ഓപ്പറേഷന് തിയേറ്റര്‍. അഞ്ചാം നിലയില്‍ പ്രസവവാര്‍ഡ്, നാലാം നിലയില്‍ കുട്ടികളുടെ വാര്‍ഡ്, മൂന്നാം നിലയില്‍ സ്ത്രീകളുടെ വാര്‍ഡ്, രണ്ടാം നിലയില്‍ പുരുഷന്മാരുടെ വാര്‍ഡ്, ഒന്നാം നിലയില്‍ അത്യാഹിത വിഭാഗം എന്നിങ്ങനെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.
താലൂക്ക് സഭയില്‍ ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍കൂടിയായ തഹസില്‍ദാര്‍ ബാബു സേവ്യര്‍ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കി, പ്രേംജി ആര്, റ്റി.റ്റി. തോമസ്, എന്‍.ജി. മോഹനകുമാര്‍, സെബാസ്റ്റ്യന്‍ കാപ്പില്‍ എന്നിവരുടെ പരാതികളും സഭ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: