ചണ്ഡീഗഡ്: പഞ്ചാബിലെ മോഗയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനശ്രമത്തിനിടെ ബസില്‍ നിന്നും ചാടി പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെക്കുറിച്ചുള്ള പഞ്ചാബ് മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍.
സംഭവത്തെ ഗൗരവം കുറച്ച് കണ്ട വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രഖ്ര, പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമാണെന്നാണ് പ്രസ്താവന നടത്തിയത്. വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍ പെടാറുണ്ട്. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ദൈവ നിശ്ചയത്തിന് വിടുകയാണ് വേണ്ടത് – മന്ത്രി പറഞ്ഞു.
മോഗ എംഎല്‍എ ജോഗിന്ദര്‍ പാല്‍ ജെയ്‌ന്റെ പ്രതികരണവും വിവാദമായിട്ടുണ്ട്. നാട്ടില്‍ എത്രയധികം അപകടങ്ങള്‍ നടക്കുന്നു. കോടതിക്കു പുറത്തുവച്ച് ഇരുകൂട്ടരും ഒത്തുതീര്‍പ്പാക്കിയാല്‍ വേണ്ട നഷ്ടപരിഹാരവും ലഭിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പീഡനശ്രമത്തെ ചെറുത്തതോടെ ആദ്യം മകളെയും പിന്നീട് അമ്മയെയും ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കും മരിച്ചു.
















