ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍, മുന്‍ കേന്ദ്ര സഹമന്ത്രി ദസാരി നാരായണ റാവു, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡെ എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രത്യേക കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി. ഗുപ്തയ്‌ക്കെതിരേയും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെയാണ് ജിന്‍ഡാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡും ജിന്‍ഡാല്‍ റിയാല്‍റ്റി െ്രെപവറ്റ് ലിമിറ്റഡും ഉള്‍പ്പെടെ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുളള കുറ്റങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കേസില്‍ പ്രതിയായ ജിന്‍ഡാലിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാത്തതിന് കോടതി സിബിഐയെ വിമര്‍ശിച്ചു.
എല്ലാ പ്രതികളോടും ഒരേ നയം അനുവര്‍ത്തിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ സിബിഐ ഡയറക്ടര്‍ നിര്‍ദേശം നല്‍കണമെന്നും കോടതിയുടെ സമയം പാഴാക്കാന്‍ ഇടവരുത്തരുതെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി ഭാരത് പരാശര്‍ പറഞ്ഞു.
കേസില്‍ പ്രതികളായ പത്ത് വ്യക്തികളില്‍ സുരേഷ് സിംഗാളിന്റെയും രാജീവ് ജെയ്‌നിന്റെയും പാസ്‌പോര്‍ട്ടുകള്‍ മാത്രമാണ് സിബിഐ പിടിച്ചെടുത്തത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.
കേസ് രജിസ്റ്റര്‍ ചെയ്താലുടന്‍ പ്രതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്‌ക്കുകയാണ് സാധാരണ ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2008 ല്‍ ജാര്‍ഖണ്ഡ് ബിര്‍ഭൂമിയിലെ മുര്‍ഗാധങ്കല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുകള്‍ക്കാണ് ജിന്‍ഡാലിനെ ഉള്‍പ്പെടെ പ്രതിചേര്‍ത്തു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ കേസ് പരിഗണിക്കുന്നതു കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
















