ഈരാറ്റുപേട്ട: പാലാ ഈരാറ്റുപേട്ട റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. തിങ്കളാഴ്ച മാത്രം റോഡില്‍ മൂന്ന് അപകടങ്ങളുണ്ടായി. രാവിലെ 10 മണിയോടെ പനയ്ക്കപ്പാലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് കോളജ് ജംക്ഷനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു വൈകിട്ട് അമ്പാറ പമ്പിന് സമീപം കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഈ മാസം മാത്രം ആറ് അപകടങ്ങളില്‍ മൂന്നു മരണമുണ്ടായിട്ടുണ്ട്. പാലാ കൊച്ചിടപ്പായില് ഓട്ടോറിഷയും വാനും കൂട്ടിയിടിച്ച് വീട്ടമ്മയും മേലമ്പാറ ലൈബ്രറി ജംക്ഷനില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനും മരിച്ചിരുന്നു. അമ്പാറ അമ്പലത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.
അശ്രദ്ധമൂലമാണ് അപകടങ്ങളെല്ലാം ഉണ്ടായത്. അമിതവേഗതയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നത് നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളാണ് ഇവിടെ വേണ്ടത്. പലപ്പോഴും വാഹന പരിശോധന നടത്തുന്ന സമയത്തു മാത്രമാണ് വാഹനങ്ങള്‍ നിയമമനുസരിച്ച് ഓടുന്നത്. ബസുകളില്‍ സ്ഥാപിച്ചിരിക്കുന്ന വേഗപ്പൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പരക്കേ ആക്ഷേപമുണ്ട്. ഈരാറ്റുപേട്ട പാലാ റോഡില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തലപ്പലം പഞ്ചായത്ത് കമ്മറ്റി പാസ്സാക്കിയ പ്രമേയം മുഖ്യനന്ത്രിക്കും മന്ത്രി കെ.എം.മാണിക്കും നല്‍കിയതായി പലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.പ്രേംജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: