പാറ്റ്‌ന: ആളെ വളരെവേഗം തിരിച്ചറിയാനായിരിക്കാം, പക്ഷെ നെറ്റിയില്‍ ഭൂകമ്പ ബാധിതനെന്ന് സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ എന്താകും അവരുടെ അവസ്ഥ.. ബീഹാറിലാണ് ഭൂചലനത്തില്‍ പരിക്കേറ്റവരുടെ നെറ്റിയില്‍ ഭൂകമ്പം എന്ന് എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇത് വിവാദമായിട്ടുണ്ട്. ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരുടെ തിരുനെറ്റിയിലാണ് ഇത് എഴുതി വച്ചിരിക്കുന്നത്.
ഭൂചലമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് മോചനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. നെറ്റിയിലെ ഈ സ്റ്റിക്കര്‍ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഞങ്ങളെ എന്തിനാണ് ഇങ്ങനെ വേര്‍തിരിക്കുന്നത്.. ഭൂചലനത്തില്‍ പരിക്കേറ്റയാള്‍ ചോദിക്കുന്നു. ചാനലുകള്‍ ഇത് സംപ്രേഷണം ചെയ്തതോടെ നെറ്റിയിലെ സ്റ്റിക്കറുകള്‍ നീക്കി.
ഭൂചലനത്തില്‍ പരിക്കേറ്റവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയോ മറ്റെന്തെങ്കിലും വിധത്തില്‍ അവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കുകയോ ചെയ്യുന്നതിനു പകരമാണ് നെറ്റിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത്. ഭൂകമ്പ ബാധിതരെ പാര്‍പ്പിക്കാനായി ആശുപത്രിയിലെ കാര്‍ഡിയോളജി വകുപ്പില്‍ ഒരു താല്‍ക്കാലിക വാര്‍ഡ് പെട്ടെന്ന് തയ്യാറാക്കിയിരുന്നു. ഇവിടെയെത്തുന്ന ഭൂകമ്പ ബാധിതരെ തിരിച്ചറിയാനാണ് ഭൂകമ്പം എന്നെഴുതിയ സ്റ്റിക്കര്‍ അറ്റന്ററുമാര്‍ അവരുടെ നെറ്റിയിലൊട്ടിച്ചത്.
ദുരന്തബാധിതര്‍ക്കായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ച ശേഷം രോഗികളെ ഒരു വാര്‍ഡില്‍ നിന്നും മറ്റൊന്നിലേക്ക് പലതവണയായി തട്ടിക്കളിക്കുകയായിരുന്നെന്ന് റെഡ് ക്രോസ് സൊസൈറ്റി വോളന്റിയര്‍മാര്‍ പറഞ്ഞു.
നേപ്പാള്‍ പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ബീഹാറിലെ വലിയൊരു ഭാഗത്തേയും തകര്‍ത്തിരുന്നു. ഇവിടെ അറുപതോളം പേര്‍ മരിക്കുകയും നൂറ് കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.
















