ന്യൂദല്‍ഹി: അഫ്ഘാനിസ്ഥാനിലെ ജനാധിപത്യ പുനഃസ്ഥാപന പ്രക്രിയകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു. അഫ്ഘാന്‍ പ്രസിഡന്റ് മൊഹമ്മദ് അഷ്‌റഫ് ഘാനിക്കു നല്‍കിയ അത്താഴ വിരുന്നിനു ശേഷമുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പിന്തുണ പ്രഖ്യാപിച്ചത്. അഫ്ഘാന്‍ പ്രസിഡന്റിന് മുഖര്‍ജി അത്താഴവിരുന്നൊരുക്കിയിരുന്നു. അദ്ദേഹം രാഷ്‌ട്രപതി ഭവനില്‍ താമസിക്കുകയും ചെയ്തു.
അഫ്ഘാന് ഭാരതം നല്‍കുന്ന പിന്തുണക്ക് ഉപാധികളോ കാലപരിധിയോ ഇല്ലെന്ന് രാഷ്‌ട്രപതി വിശദീകരിച്ചു. സുഹൃത്തും അയല്‍രാജ്യവുമെന്ന നിലയില്‍ എക്കാലവും ഭാരതം അഫ്ഘാനൊപ്പം ഉണ്ടാകും, മുഖര്‍ജി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ 2013-24 വര്‍ഷത്തില്‍ ഉണ്ടായ വാണിജ്യ ഇടപാട് 683.10 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റേതായിരുന്നു. ഇതു വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടതു ചെയ്യും. 2003-13 കാലത്ത് 17 ഭാരത കമ്പനികള്‍ അഫ്ഘാനില്‍ 17 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തി. കൂടുതല്‍ കമ്പനികളെ നിക്ഷേപത്തിനു പ്രേരിപ്പിക്കും. ഇരു രാജ്യങ്ങള്‍ക്കും പൊതുവായ വിഷയങ്ങളില്‍ കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി രാഷ്‌ട്രപതി പറഞ്ഞു.
രാഷ്‌ട്രപതിയുടെ ആതിഥേയത്വത്തിനും പിന്തുണ പ്രഖ്യാപനങ്ങള്‍ക്കും മൊഹമ്മദ് അഷ്‌റഫ് ഘാനി നന്ദി പറഞ്ഞു. അഫ്ഘാന്‍ വളര്‍ന്നത് ഭാരതത്തോടൊപ്പമാണെന്നും ഭാരതം തന്റെ രാജ്യത്തിനു മുമ്പു വേറിട്ടൊന്നായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 1950 കളില്‍ മൗലാനാ അബ്ദുള്‍ കലാം ആസാദ്, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു തുടങ്ങിയ നേതാക്കളെ സ്വന്തം നാട്ടിലെ മഹാന്മാര്‍ എന്ന പോലെയാണ് അഫ്ഘാനികള്‍ അറിഞ്ഞിരുന്നതെന്ന് ഘാനി പറഞ്ഞു. അവര്‍ അഫ്ഘാനികളെയും ഏറെ പ്രചോദിപ്പിച്ചു.
ഭാരതത്തില്‍ 30,000 -ല്‍ അധികം അഫ്ഘാന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഭാരതവും അഫ്ഘാനും തമ്മില്‍ ആയിരത്തിലേറെ നാളുകളായി സുദൃഢമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ രംഗത്തും സാംസ്‌കാരിക രംഗത്തും ഭാരതം നല്‍കുന്ന സഹായം ഏറെ പ്രശസംസനീയവും കടപ്പാടുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
















