ന്യൂദല്‍ഹി: ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുന്ന പ്രതിപക്ഷത്തിന്റെ നിരുത്തരവാദപരമായ നടപടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ രൂക്ഷവിമര്‍ശനം. മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ സമാനസംഭവങ്ങളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ജനവികാരം വ്രണപ്പെടുമെന്നതിനാല്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
2012, 13, 14 വര്‍ഷങ്ങളിലും അതിനുമുന്‍പും ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കും നേരെ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. മതസ്ഥാപനങ്ങളെയെല്ലാം വിധ്വംസക ശക്തികള്‍ ഉന്നംവെച്ചു. വിഷയത്തില്‍ രാഷ്‌ട്രീയ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയെങ്കില്‍ കൈവശമുള്ള വിവരങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍വെക്കാമായിരുന്നു. ഒരുപാടുപേരുടെ വികാരം വ്രണപ്പെടുമെന്നതിനാലാണ് അങ്ങനെ ചെയ്യാത്തത്, ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള ധനസഹായം സംബന്ധിച്ച ചര്‍ച്ചയ്‌ക്കിടെ രാജ്‌നാഥ് പറഞ്ഞു.
ന്യൂനപക്ഷ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഭാഗമാണ്. അവരെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കും. മതപരിവര്‍ത്തന നിരോധന നിയമത്തെക്കുറിച്ച് എല്ലാ പാര്‍ട്ടികളും ഒരുമിച്ചിരുന്ന് സംസാരിക്കണം. മറ്റുരാജ്യങ്ങളില്‍ ആ നിയമം വേണമെന്ന് ന്യൂനപക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല, ഘര്‍വാപ്‌സിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്‌നാഥ് ചൂണ്ടിക്കാട്ടി.
പോലീസ് നവീകരണത്തിന് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന രീതിക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നകാര്യം പ്രധാനമന്ത്രിയും ധനമന്ത്രിയുമായും സംസാരിച്ചെന്നും എഐഎഡിഎംകെ അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈയുടെ ചോദ്യത്തിന് മറുപടിയായി രാജ്‌നാഥ് അറിയിച്ചു.
















