കൊച്ചി: മോട്ടോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയന് സംഘടനാ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 30നു മോട്ടോര്‍ തൊഴിലാളി പണിമുടക്ക് നടത്തുന്നു. റോഡ് ഗതാഗത സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ നിന്നും പാല്, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഗതാഗത സുരക്ഷാബില്‍ നിയമമായാല്‍ നിലവിലുള്ള ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ചരക്ക് കടത്ത് വാഹനങ്ങള്‍, സ്യകാര്യ ബസുകള്‍, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഡ്രൈവിങ് സ്കൂളുകള്‍, ഓട്ടോ കണ്‍സള്‍ട്ടന്‍സികള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകള്‍ എന്നിവ ഇല്ലാതാകും. ഇതിന്റെ ഫലമായി യാത്രാകൂലി, ചരക്ക് കടത്ത് കൂലി, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ വര്‍ധിക്കുമെന്നും വ്യക്തമാക്കി.
മെച്ചപ്പെട്ട റോഡുകള്‍ ഇല്ലാത്തതിനാലാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നത്. ഡ്രൈവിങ് സ്കൂളുകള്‍ക്ക് പകരം അത്യന്താധുനിക സംവിധാനങ്ങളോടെയുള്ള റീജ്യണല്‍ ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ വരുന്നതോടെ പെര്‍മിറ്റ്, വാഹന പരിശോധന, ഫിറ്റ്നസ്, ലൈസന്‍സ് എന്നിവയ്ക്കായി മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആവശ്യമില്ലാതാകും. ഇത്തരത്തില്‍ മോട്ടോര്‍വാഹന വകുപ്പിനെ ഇല്ലാതാക്കി നാഷണല്‍ റോഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ ബോര്‍ഡുണ്ടാക്കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്.
ഈ ബോര്‍ഡിന്റെ കീഴില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട്, സ്റ്റേറ്റ് സേഫ്റ്റി, സ്റ്റേറ്റ് അതോറിറ്റി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്, യൂണിഫൈഡ് മെട്രൊപോളി എന്നിങ്ങനെ അഞ്ച് അതോറിറ്റികള്‍ രൂപീകരിക്കുന്നതോടെ ഗതാഗത നിയമ നിര്‍മാണം, റോഡ് സുരക്ഷാ നിരീക്ഷണം, നിയന്ത്രണം എന്നീ അധികാരികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടമാകുമെന്നും ചൂണ്ടിക്കാട്ടി.
സുരക്ഷാ ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ തൊഴില്‍ നഷ്ടങ്ങള്‍, രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം എന്നിവ തകരുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം.ബി. സ്യമന്തഭദ്രന്‍ (സിഐറ്റിയു), കെ.കെ. ഇബ്രാഹിംകുട്ടി (ഐഎന്‍ടിയുസി), എം.എസ്. രാജു (എഐറ്റിയുസി), കെ.വി. മധുകുമാര്‍ (ബിഎംഎസ്), മനോജ് ഗോപി (എച്ച്എംഎസ്), മനോജ് പെരുമ്പിള്ളി (ജെടിയുസി) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: