ചാത്തന്നൂര്‍: അകാശത്തു മഴ കണ്ടാല്‍ വൈദ്യുതി നിലയ്ക്കും. ഇടിവെട്ടിയാല്‍ ടെലിഫോണുകള്‍ നിശ്ചലമാകും. ചാത്തന്നൂരിലെ അവസ്ഥ ഇതാണ് ചുട്ടുപൊള്ളുന്ന വേനലില്‍ പൊറുതി മുട്ടിയിരിക്കുന്ന നാടിന് ആശ്വാസമായി വന്ന വേനല്‍മഴ ഇപ്പോള്‍ കൂനിന്മേല് കുരുപോലെയായി.
മഴ തുടങ്ങിയതോടെ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി നിലയ്ക്കുന്നു.
കൃത്യസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത വൈദ്യുതിലൈനുകളും മഴക്കാലമാകുന്നതോടെ പൊട്ടിവീഴുകയും പഴകി തുരുമ്പിച്ച വൈദ്യുതി പോസ്റ്റുകളിലെ ഫ്യൂസുകള്‍ വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. രാത്രിയില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തുന്നതാകട്ടെ നേരം വെളുത്ത് പത്ത് മണി കഴിയുമ്പോഴും.
കാറ്റുംമഴയും മൂലം ഉണ്ടായ വൈദ്യുതിതടസം പലയിടത്തും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയിലും കാറ്റിലും രണ്ട് 11 കെവി ലൈനുകളും മുപ്പതിലേറെ എല്‍ടി ലൈനുകളുമാണ് പൊട്ടിവീണത്. ടെലിഫോണിന്റെ കാര്യവും വ്യത്യസ്തമല്ല.
രാത്രിയിലുണ്ടാകുന്ന അപകടങ്ങളും മറ്റും വൈദ്യുതി ജീവനക്കാരെയോ പോലീസിനെയോ അറിയിക്കാമെന്നുവച്ചാല് ഫോണ്‍ ശബ്ദിക്കില്ല. എന്നാല്‍ മൊബൈല്‍ ഉപയോഗിക്കാന്‍ നോക്കിയാല്‍ നോ നെറ്റ് വര്‍ക്ക് എന്ന മെസേജാണ് ലഭിക്കുക. പോലീസിലെയോ വൈദ്യുതി ഓഫീസിലെയോ ഉദ്യോഗസ്ഥരെ ഔദ്യോഗിക മൊബൈല്‍നമ്പരില്‍ വിളിച്ചാല്‍ പലപ്പോഴും ബിസിയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്.
ഏറെനേരം ബിസിയായിരിക്കുന്ന മൊബൈല്‍ നമ്പരില്‍നിന്ന് പിന്നീട് പരാതിക്കാരനെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മിനക്കെടാറുമില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: