വഴിയറിയാതെ യാത്ര ചെയ്താല്‍ ഒരു മണിക്കൂറുകൊണ്ട് എത്തേണ്ട സ്ഥലത്തെത്തിച്ചേരാന്‍ പത്തുമണിക്കൂറെടുത്തെന്നിരിക്കും. അതുമാത്രമല്ല, ലക്ഷ്യമറിയാതെ കറങ്ങി നടക്കുന്ന ആ സമയത്ത് ഒരു നിമിഷംപോലും സ്വസ്ഥതയുണ്ടാവുകയുമില്ല.
ഉദ്ദേശിച്ച സ്ഥാനത്തു എത്തിപ്പെടാന്‍ കഴിയുമോ എന്ന ഉത്കണ്ഠമൂലം എപ്പോഴും ആധിയായിരിക്കും. എന്നാല്‍ വഴിയറിഞ്ഞു യാത്ര ചെയ്താല്‍ മനസ്സിനു യാതൊരു പിരിമുറുക്കവും ഉണ്ടാകുകയില്ല.
ലക്ഷ്യത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയവും വേണ്ട. യാത്ര മുഴുവന്‍ സന്തോഷപ്രദമായിരിക്കും. അതിനാല്‍ ശരിയായ പാതയറിഞ്ഞു മുന്നോട്ടു നീങ്ങുന്നതാണുത്തമം. പണ്ട് ഭൗതികവിദ്യയോടൊപ്പം ആദ്ധ്യാത്മികവിദ്യയും ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്നു. ഇന്ന് അതില്ല. ഈ വിദ്യ അഭ്യസിച്ചിരുന്നവരുടെ ജീവിതത്തില്‍ മാനസികമായ സംഘര്‍ഷമോ അശാന്തിയോ ഉണ്ടായിരുന്നില്ല.
അവരുടെ സമീപത്തെത്തുന്നവര്‍ക്കു കൂടി ശാന്തി അനുഭവപ്പെട്ടിരുന്നു. അവരില്‍ ദുരാഗ്രഹം കാണാനില്ലായിരുന്നു. അവര്‍ മോഹങ്ങളില്‍ നിന്നു വിമുക്തരായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. ഇന്നു വെളിയില്‍ എയര്‍ക്കണ്ടീഷന്‍ ചെയ്യാനാണു പഠിച്ചിരുന്നത്. അതില്‍ കിടന്നിട്ടും ശാന്തിയില്ല.
പ്രയാസങ്ങള്‍ കുറച്ചുനേരെത്തെങ്കിലും മറന്നു കിട്ടാന്‍ ഗുളികകളും ലഹരിവസ്തുക്കളും ഇല്ലാതെ പറ്റില്ല. എന്നാല്‍ ആദ്ധ്യാത്മികവിദ്യ പഠിച്ചിരുന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല. കുടിലില്‍ കഴിഞ്ഞാലും കൊട്ടാരത്തില്‍ കഴിഞ്ഞാലും എപ്പോഴും ശാന്തിയായിരിക്കും – കാരണം അതു മനസ്സിന്റെ വിദ്യയാണ്.
















