പാലക്കാട്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ആദിവാസി ക്ഷേമത്തിനും ഈ സാമ്പത്തിക വര്‍ഷത്തിലും പുതിയ പദ്ധതികളുമായി പറമ്പിക്കുളം ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി വിവിധതരം പദ്ധതികളാണ് ഓരോ വര്‍ഷവും വനം വകുപ്പ് നടപ്പാക്കിവരുന്നത്.
കടുവ സംരക്ഷണത്തിനും മാനേജ്‌മെന്റിനുമായി 45 ലക്ഷംരൂപയും ഇക്കോ ടൂറിസം വികസനത്തിനായി 351 ലക്ഷവും വിവിധ ഇക്കോടൂറിസം പ്രവര്‍ത്തികള്‍ക്കായി 40 ലക്ഷം രൂപയും ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ആശുപത്രി ചെലവുകള്‍ക്കും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി 35.5 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് ഡിഎഫ്ഒ ഡി.എന്‍. അഞ്ചന്‍ കുമാര്‍ അറിയിച്ചു.
ഇതുസംബന്ധിച്ച ജനറല്‍ ബോഡിയോഗം ഏപ്രില്‍ 28ന് ചേരും. പറമ്പിക്കുളം മൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന റവന്യൂ വരുമാനമാണ് പ്രധാനമായും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്നത്.
ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യത്തിനും വാഹനം, ഭക്ഷണ സൗകര്യങ്ങള്‍ക്കുമായി പ്രത്യേകം പാക്കേജുകളാണ് എഫ്ഡിഎ (ഫോറസ്റ്റ് ഡെവലപ്പിംഗ് ഏജന്‍സി) യുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി വെഹിക്കിള്‍ സഫാരി, ട്രക്കിംഗ്, ബാംബൂ ഡ്രാഫ്റ്റിംഗ്, ആദിവാസി നൃത്തം തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എട്ട്‌ലക്ഷം രൂപ ചെലവഴിച്ച് ഇക്കോ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ടൂറിസ്റ്റുകള്‍ക്കായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം പറമ്പിക്കുളം വന്യജീവി സങ്കേതം സന്ദര്‍ശിച്ചത് 67,754 പേരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 32 ശതമാനം വിനോദ സഞ്ചാരികളുടെ വര്‍ധനവാണ് 2014-15 വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളതെന്നും പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം സന്ദര്‍ശിച്ചത് 51,726 പേരാണ്. ആദിവാസി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഓരോ വീട്ടിലെയും ഒരാള്‍ക്ക് വീതം വനംവകുപ്പ് ജോലിയും നല്‍കി വരുന്നു. ടൂറിസ്റ്റുകളില്‍ നിന്നും ഈടാക്കുന്ന തുകയില്‍ നിന്നും ഒരു നിശ്ചിത സംഖ്യ, ആദിവാസി ക്ഷേമത്തിനാണ് ടൂറിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: