നല്ലൊരു ജീവിതം വാര്‍ത്തെടുക്കുന്നതിനായി നാടും വീടും വിട്ട് അന്യനാടുകളില്‍ പോയി പണിയെടുക്കുന്ന പ്രവാസികള്‍.
പ്രവാസിയെന്ന് കേള്‍ക്കുമ്പോള്‍ നാട്ടിലേക്ക് അണമുറിയാതെ പണമയക്കുന്നവരുടെ ചിത്രമാവാം പലരുടേയും മനസ്സില്‍ തെളിയുന്നത്. താനുണ്ടില്ലെങ്കിലും നാട്ടില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബം പട്ടിണിയിലാവല്ലെ എന്നുകരുതി പൊരിവെയിലിലും സംഘര്‍ഷം നിറഞ്ഞ സാഹചര്യത്തിലും പണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍.
പണിയെടുക്കുന്ന നാട്ടില്‍ എപ്പോള്‍ എന്ത് എങ്ങനെ സംഭവിക്കും എന്ന് പറയാനാവില്ല, ഒരിക്കലും. പ്രത്യേകിച്ചും ലിബിയ, കുവൈറ്റ്, യെമന്‍, സൗദി എന്നിങ്ങനെയുള്ള രാജ്യങ്ങളില്‍. ദാ ഇപ്പോള്‍ ലോകരാജ്യങ്ങള്‍ ഒന്നാകെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് യെമനിലെ യുദ്ധം. പ്രശ്നം നടക്കുന്നത് ആ രാജ്യത്തിനുള്ളിലാണെങ്കിലും ബാധിക്കുന്നത് നിരപരാധികളായ അനേകായിരം ജനങ്ങളെയാണ്. അവിടെ തൊഴില്‍ തേടിയെത്തിയിരിക്കുന്ന അന്യരാജ്യക്കാരെയാണ്.
നിനച്ചിരിക്കാത്ത നേരത്ത് ഒരു കലാപം പൊട്ടിപ്പുറപ്പെടുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ആ രാജ്യത്തേക്കാവും. നാട്ടിലേക്ക് മടങ്ങാനാവാതെ കലാപഭൂമിയില്‍ അകപ്പെട്ടുപോയവരുടെ ശബ്ദത്തിന് കാതോര്‍ക്കുന്ന വീട്ടുകാരും അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്ന രാജ്യത്തലവന്മാരും. യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ അന്നാട്ടില്‍ താമസിക്കുന്ന ഭാരതീയരെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി മോദി നേതൃത്വം കൊടുക്കുന്ന നമ്മുടെ കേന്ദ്രസര്‍ക്കാര്‍.
എന്നിട്ടും ഭാരതത്തിലുള്ളവര്‍ ആ ശ്രമങ്ങളെ കണ്ടില്ലെന്നു നടിച്ചു. ഭാരത സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപണം ഉന്നയിച്ചു. ഒരു കൂട്ടം മാധ്യമങ്ങളായിരുന്നു ഇക്കാര്യത്തില്‍ മത്സരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഒന്നും തന്നെ മുഖവിലക്കെടുക്കാതെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും കൂട്ടരും ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് പ്രയത്നിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് യെമനില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഒടുവില്‍ ദൗത്യം വിജയിച്ചപ്പോള്‍ ഈ ശ്രമങ്ങള്‍ക്ക് കേരള മുഖ്യമന്ത്രിയും പ്രവാസി-നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി. ജോസഫും മറ്റു മന്ത്രിമാരും പോലും രാഷ്ട്രീയം മറന്ന് നല്കി ഫുള്‍ മാര്‍ക്ക്.
ഭാരതത്തിന്റെ ദൗത്യവഴി
മാര്‍ച്ചിലാണ് യെമനില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. ഭാരതീയരെയെല്ലാം നാട്ടില്‍ എത്തിക്കുകയെന്ന ദൗത്യം അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇവരെ നാട്ടില്‍ എത്തിക്കുന്നതിനു സഹകരിക്കണമെന്ന് പ്രധാനമന്ത്രി മോദി സൗദി രാജാവിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. മുമ്പെങ്ങും ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടില്ലാത്തത്ര ദ്രുതഗതിയിലായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ സന്നാഹമൊരുക്കല്‍.
ദീര്‍ഘവീക്ഷണമുളള, ഉറച്ച ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലെന്ന് പ്രവാസികളും തിരിച്ചറിഞ്ഞു. അനന്തമായ ചര്‍ച്ചകളില്ല, എന്ത് എങ്ങനെവേണമെന്നുള്ള കരുനീക്കങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. നാവികസേനയേയും വ്യോമസേനയേയും സംയോജിപ്പിച്ചുള്ള, ഓപ്പറേഷന് രാഹത്ത് എന്ന് പേര് നല്കിയ രക്ഷാദൗത്യത്തിന് മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കിയത് ഭാരത കരസേനയുടെ മുന്‍ മേധാവി ജനറല്‍ വി.കെ. സിങ് എന്ന വിജയ കുമാര്‍ സിങ്.
മൂന്ന് നാവികസേന കപ്പലുകളും ഭാരത വ്യോമസേന വിമാനങ്ങളുമാണ് രക്ഷാദൗത്യം ഏറ്റെടുത്ത് യെമനിലേക്ക് തിരിച്ചത്. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് യെമനില്‍ ഇറങ്ങാന്‍ ഭാരതം അയച്ച രണ്ട് യാത്രാവിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ വ്യോമസേനയുടെ വിമാനങ്ങള്‍ അയക്കുകയായിരുന്നു. വ്യോമസേനയുടെ രണ്ട് ജി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങളാണ് യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തിയത്.
നാവികസേനയുടെ ഐഎന്‍എസ് സുമിത്ര, ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് തര്‍ക്കാഷ് എന്നിവയും യാത്രാ കപ്പലുകളായ എം.വി. കവരത്തി, എം.വി. കോറല്‍ എന്നീ കപ്പലുകളുമാണ് ജിബൂട്ടിയിലെത്തിയത്.
നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ക്കുപോലും രേഖകള്‍ ഉടനടി തയ്യാറാക്കി നല്‍കുന്നതിന് ഭാരത എംബസിക്കും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.
രാഹത്ത് എന്ന സുഹൃത്ത്
രാഹത്ത് എന്നാല്‍ അരബില് സുഹൃത്തെന്നര്ത്ഥം; ചങ്ങാതി. ഓപ്പറേഷന് രാഹത്ത് എന്ന പേരില്‍ യെമനില്‍ രക്ഷാദൗത്യത്തിന് ജന: വി.കെ. സിങിനെ നിയമിക്കുമ്പോള്‍ വിജയം മാത്രമേ മോദിക്ക് മുന്നില്‍ ഉണ്ടായിരുന്നുള്ളു. സനയിലെ ഭാരത് എംബസിയില്‍ എത്തിയ വി.കെ. സിങ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പദ്ധതി തയ്യാറാക്കി.
യെമനിലെ പ്രക്ഷോഭകാരികളും ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തി. യാത്രാ വിമാനങ്ങള്‍ക്കൊപ്പം യുദ്ധവിമാനങ്ങളും യെമനിലേക്ക് അയക്കാന്‍ സിങ് നിര്‍ദ്ദേശിച്ചു. എന്നാല്‍ അനുമതിയില്ലാതെ തങ്ങളുടെ രാജ്യത്തിന് മുകളിലേക്ക് പ്രവേശിച്ചാല്‍ വെടിവെച്ചിടുമെന്നായിരുന്നു യെമന്റേയും അതിര്‍ത്തി രാജ്യങ്ങളുടേയും ഭീഷണി. എന്നാല്‍ മോദിയുടെ ഇടപെടല്‍ എല്ലാ കാര്യങ്ങളും സുഗമമാക്കി.
യുദ്ധത്തിനല്ല പോകുന്നതെന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഭാരതത്തിലെത്തിക്കുന്നതിനുമാണെന്ന് മറ്റു രാജ്യങ്ങളെ അറിയിച്ചു. ഭാരതത്തിന്റെ വിമാനങ്ങളെ നിരീക്ഷിക്കാം, പക്ഷേ ആക്രമിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ തിരച്ചടി ശക്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.
വിമാനത്തിന്റെ റൂട്ടുകള്‍ പരമാവധി കടലിന് മുകളിലൂടെയാക്കി നിശ്ചയിച്ചു. അഥവാ വെടിവച്ചിടുകയാണെങ്കില്തന്നെ ആരുടെയും ജീവന് നഷ്ടമാകാതെ രക്ഷപെടുത്തുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി കടലില്‍ കപ്പലുകളും സജ്ജീകരിച്ചിരുന്നു. വി.കെ. സിങിന്റെ നേതൃത്വത്തിന് കീഴില്‍ ഓപ്പറേഷന് രാഹത്ത് വിജയിച്ചപ്പോള്‍ സിങിനെ വിളിച്ച് അഭിനന്ദിക്കാനും പ്രധാനമന്ത്രി മോദിയും മറ്റ് രാഷ്ട്രത്തലവന്മാരും മറന്നില്ല.
പറന്നെത്തിയത് സമാധാനഭൂമികയിലേക്ക്
മുസ്ലിങ്ങളിലെ ഷിയ വിഭാഗത്തില്‍പ്പെട്ട ഹൂതി വിമതരും സര്‍ക്കാര്‍ സൈന്യവും സൗദി അറേബ്യയും ആക്രമണം ശക്തമാക്കിയതോടെ യുദ്ധഭൂമിക്ക് സമാനമായി മാറിയ യെമനില്‍ നിന്നും എങ്ങനെ രക്ഷ സാധ്യമാകുമെന്ന് അവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കാം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. ജീവന്മാത്രം തിരിച്ചുകിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥന. ഇതിനിടയില്‍ അന്യരാജ്യക്കാര്‍ക്ക് യെമന്‍ വിട്ടുപോകുന്നതിനുള്ള സമയപരിധി അനുവദിക്കുവാനും യുദ്ധത്തിനിടയില്‍ യെമന്‍ മറന്നില്ല.
തലസ്ഥാനമായ സനയില്‍ മാത്രം 1500 ഓളം ഭാരതീയര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ആക്രമണം രൂക്ഷമായെങ്കിലും രക്ഷാദൗത്യവുമായെത്തിയ ഭാരതത്തിന്റെ വിമാനങ്ങള്‍ക്കോ യാത്രാ കപ്പലുകള്‍ക്കോ ആദ്യമൊന്നും യെമനിലെ ഏദന്‍ തുറമുഖത്ത് പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ഐഎന്‍എസ് സുമിത്രയ്ക്ക് ഏദന്‍ തുറമുഖത്ത് പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. കപ്പല്‍ മാര്‍ഗം ജിബൂട്ടിലെത്തിച്ച ഭാരതീയരെ വ്യോമസേന വിമാനങ്ങളിലാണ് നാട്ടിലെത്തിച്ചത്.
ആദ്യഘട്ടത്തില്‍ രക്ഷപെടുത്തിയത് 360 പേരെയാണ്. ഇതില്‍ 206 പേരും മലയാളികളായിരുന്നു. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി സ്വദേശികളും വിദേശികളുമായി 6500 ഓളം പേരെയാണ് ഭാരതത്തിന്റെ ദൗത്യസേന രക്ഷപെടുത്തിയത്. യുദ്ധം സമാധാനം കെടുത്തിയ യെമനില്‍ വച്ച് മാസം തികയാതെ പ്രസവിച്ച പിഞ്ചുകുഞ്ഞിനേയും ദൗത്യസേന രക്ഷപെടുത്തി നാട്ടിലെത്തിച്ചു.
സഹായം തേടിയത് വിവിധ ലോകരാജ്യങ്ങള്‍
സൈനിക ശക്തിയിലും നാവികശക്തിയിലും ഭാരതത്തേക്കാള്‍ ഏറെ മുന്നില്‍ നില്ക്കുന്ന അമേരിക്കയേയും ഫ്രാന്‍സിനേയും ജര്‍മനിയേയും പോലുളള ലോകരാജ്യങ്ങള്‍. യെമനില്‍ നിന്ന് തങ്ങളുടെ പൗരന്മാരേയും രക്ഷപെടുത്താന്‍ സഹായിക്കണമെന്ന് ഭാരതത്തോട് ആവശ്യപ്പെടുക. ഈ ആവശ്യം ഉന്നയിക്കുന്നതിന് മുമ്പേ തന്നെ ഭാരതീയര്‍ക്കൊപ്പം മറ്റു രാജ്യക്കാരേയും സമാധാനത്തിന്റെ തീരത്തെത്തിക്കാന്‍ ശ്രമിച്ചു, ഭാരതത്തിന്റെ ദൗത്യസംഘം.
ആരും ആവശ്യപ്പെട്ടില്ലെങ്കിലും സാഹോദര്യത്തെ എല്ലാക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമെന്ന നിലയില്‍ ഭാരതത്തിന് അങ്ങനെ ചെയ്തേ മതിയാവൂ. 26 ഓളം രാജ്യങ്ങളാണ് ഭാരത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.
ബഹറിന്‍, ബംഗ്ലാദേശ്. ക്യൂബ, ചെക് റിപ്പബ്ലിക്, ഈജിപ്ത്, ഹങ്കറി, ഇറാഖ്, ഇന്തോനേഷ്യ, അയര്‍ലന്റ്. ലെബനന്, മലേഷ്യ, മാലിദ്വീപ്, നേപ്പാള്‍, നെതര്‍ലന്റ്, ഫിലിപ്പൈന്‍സ്, റൊമാനിയ, സ്ലൊവേനിയ, ശ്രീലങ്ക, സിങ്കപ്പൂര്‍, സ്വീഡന്, തായ്ലന്റ്, തുര്‍ക്കി തുടങ്ങി ചെറുതും വലുതുമായ രാഷ്ടങ്ങളാണ് ഈ അഭ്യര്‍ത്ഥന മുന്നോട്ടുവച്ചത്.
ഭാരതത്തിന്റെ ഓപ്പറേഷന് രാഹത്ത് എന്ന രക്ഷാ ദൗത്യത്തെ പ്രശംസിക്കാത്ത ഒറ്റ ലോകരാഷ്ട്രങ്ങളില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. 1000 ത്തോളം വിദേശികളാണ് ഭാരതത്തിന്റെ സഹായത്തോടെ സുരക്ഷിതരായത്. ഓപ്പറേഷന് രാഹത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വിദേശ ടിവി ചാനലായ സിഎന്‍എന്‍ പ്രത്യേക ന്യൂസ് കവറേജും നല്‍കിയാണ് ഭാരതത്തിന്റെ ദൗത്യത്തെ പ്രകീര്‍ത്തിച്ചത്.
എങ്കിലും ചില സംശയങ്ങള്‍ ബാക്കി…. ഏതെങ്കിലും രാജ്യത്തെ തടവറയില്‍നിന്ന് ചട്ടപ്രകാരം മോചിപ്പിക്കപ്പെടുന്നവരെ ആഘോഷിക്കുന്ന മലയാള മാധ്യമങ്ങളും ജനങ്ങളും എന്തുകൊണ്ട് യെമന്‍ ദൗത്യത്തെ കണക്കിലെടുത്തില്ല. എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ഞാഞ്ഞൂള് വിമര്‍ശനങ്ങളാണെങ്കിലും ചിലതു വന്നത്. ആരു പറഞ്ഞു, ജീവന് രക്ഷിക്കുമ്പോള്‍ മതവും ജാതിയും രാഷ്ട്രീയവും ഒന്നും ആരും നോക്കാറില്ലെന്ന്. എന്തായാലും രക്ഷിച്ചവര്‍ അതൊന്നും നോക്കിയില്ല.
രക്ഷപ്പെട്ടവരും കണ്ടു നിന്നവരുമോ….
വി.കെ.സിങ് പറയുന്നു; സൈനികന്റെ മനസ് സഹായിച്ചു
ഓപ്പറേഷന് രാഹത്തില്‍ എന്തായിരുന്നു താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
ഈ ദൗത്യത്തിന് രാജ്യം നല്കിയ പിന്തുണയില്‍ സന്തോഷമുണ്ട്. ഒട്ടനവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. മറ്റ് രാജ്യങ്ങളുടെ കാര്യങ്ങള്‍ നോക്കേണ്ടതും വ്യോമഗതാഗതം നിയന്ത്രിക്കേണ്ടതും വെല്ലുവിളിയായിരുന്നു. ജനങ്ങളുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഇതെല്ലാം വളരെ രസകരവും വെല്ലിവിളികള്‍ നിറഞ്ഞതുമായിരുന്നു. ഒട്ടനവധി ആളുകളെ രക്ഷപെടുത്താന്‍ സാധിച്ചതിന്റെ സംതൃപ്തിയുമുണ്ട്.
ഉദ്വേഗഭരിതമായ നിമിഷങ്ങളെക്കുറിച്ച്? വെടിവയ്പ്പ്, സംഘര്‍ഷം, വിമത സൈന്യം ഇവയെക്കുറിച്ച്…
കലാപം രൂക്ഷമായിരുന്നു. തെക്കന്‍ ഭാഗങ്ങളിലായിരുന്നു രൂക്ഷമായ സംഘര്‍ഷം. ഏദന്‍ തുറമുഖത്ത് ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സാധിച്ചിരുന്നില്ല. ചെറുബോട്ടുകളിലാണ് ജനങ്ങളെ അവിടേക്ക് എത്തിച്ചത്. ആ സമയത്ത് തെരുവിലും ഏറ്റുമുട്ടലുകളും വ്യോമാക്രമണവും നടന്നിരുന്നു. ജനങ്ങളെ തിരികെ കൊണ്ടുവരുന്നതിന് അനുവാദവും തേടിയിരുന്നു. 600 ഓളം പേരായിരുന്നു സനയില്‍ ഞങ്ങളുടെ വരവും കാത്തിരുന്നത്. വ്യോമാക്രമണം നടക്കുന്നു, തിരിച്ചുപോകാം എന്നായിരുന്നു അവിടെ കാത്തിരുന്ന എല്ലാവരുടേയും ആദ്യപ്രതികരണം.
സംഘര്‍ഷ ഭൂമിയില്‍ നിന്ന് അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനേയും രക്ഷപെടുത്തിയതിനെപ്പറ്റി?
ഇത് അഞ്ച് ദിവസം പ്രായമായ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, ആ കുഞ്ഞിന്റെ അമ്മയുടെ കാര്യത്തിലും. കുഞ്ഞിന് എത്ര ദിവസമായി എന്ന് ചോദിച്ചപ്പോഴാണ് അഞ്ച് ദിവസമേ ആയിട്ടുള്ളു എന്നറിഞ്ഞത്. മൂന്ന് മാസം മുമ്പേ എന്തുകൊണ്ട് യെമന്‍ വിട്ടില്ല എന്ന ചോദ്യത്തിന് ആ യുവതി മറുപടി നല്‍കിയില്ല. കുഞ്ഞ് മഞ്ഞപ്പിത്തം മൂലം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. മാസം തികയാതെ പിറന്ന കുഞ്ഞായിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. കുഞ്ഞിന് ആശുപത്രിയിലെ പരിചരണം തന്നെ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ജിബൂട്ടിയിലെ ഇന്ത്യന്‍ ഹെല്‍ത്ത് അഡൈ്വസര്‍ ഡോ. ഉമ ഇന്‍കുബേറ്റര്‍ സംവിധാനം ഒരുക്കിത്തന്നു. അവരും കുഞ്ഞിനൊപ്പം നാട്ടിലേക്ക് തിരിച്ചു. ഇതൊക്കെ അല്പം വിഷമം പിടിച്ച നീക്കങ്ങള്‍ തന്നെയായിരുന്നു.
ഓപ്പറേഷന് രാഹത്തില്‍ താങ്കളുടെ പങ്ക് വിശദീകരിക്കാമോ?
പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി രാജാവുമായി സംസാരിച്ചിരുന്നു. ഞങ്ങളെ സഹായിക്കാമെന്ന് സൗദി ഉറപ്പും നല്കി. അതിനുശേഷം ഈ കാര്യം സൗദിയിലെ റോയല്‍ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. അവിടെ നിന്നും ഒരു തീരുമാനവും ഉണ്ടായില്ല. സൗദിക്ക് മുകളില്‍ കൂടി ഭാരതത്തിന്റെ വിമാനം പറത്തണമെങ്കില്‍ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ അനുമതി കിട്ടാതെവന്നപ്പോള്‍ നയതന്ത്രപരമായിത്തന്നെ കാര്യങ്ങള്‍ നീക്കേണ്ടിവന്നു. കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ ആവശ്യമായി വന്നു.
ഇമിഗ്രേഷനിലെ പ്രശ്നങ്ങളായിരുന്നു മറ്റൊന്ന്. ഒന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ല. ഇമിഗ്രേഷന്‍ സംവിധാനമാകെ താറുമാറായിക്കിടക്കുന്നു. നിരവധിപേര്‍ നിയമം ലംഘിച്ചും യെമനില്‍ താമസിക്കുന്നുണ്ടെന്ന് ഞങ്ങള്‍ അത്ഭുതത്തോടെയാണ് തിരിച്ചറിഞ്ഞത്. വിസിറ്റിങ് വിസയില്‍ വന്നയാള്‍ ആറുവര്‍ഷമായി അവിടെ താമസിക്കുന്നതായും കണ്ടെത്തി. നാട്ടിലേക്ക് മടങ്ങുന്നതിന് വിസ കിട്ടണമെങ്കില്‍ നിശ്ചിത തുക അടയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ കാശില്ലെന്നായിരുന്നു ബഹുഭൂരിപക്ഷത്തിന്റേയും മറുപടി. ഒടുവില്‍ തുകയൊന്നും ഈടാക്കാതെതന്നെ വിസ അനുവദിച്ചു.
എങ്ങനെയാണ് താങ്കള്‍ ഈ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തത്.
എല്ലാ താഴെക്കിടയില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു എന്ന യാഥാര്‍ത്ഥ്യം രണ്ട് തരത്തില്‍ സഹായിച്ചു. ഒന്നാമതായി സാഹചര്യം എന്താണെന്ന് മനസ്സിലാക്കി.. നമുക്ക് ചുറ്റും സംഭവിക്കുന്ന ചില കാര്യങ്ങളില്‍ നമ്മുടെ സ്വാധീനം ഉയര്‍ത്താന്‍ സാധിച്ചു. സനയിലേക്ക് തിരിക്കുവാനും അവിടുത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുവാനുമായിരുന്നു എന്റെ തീരുമാനം. വിമാനത്തിന് അവിടെ നിന്നും തിരിച്ചുവരുവാനുള്ള സമയം ഇല്ലാതിരുന്നതിനാല്‍ അവിടെ ആ രാത്രി തങ്ങുവാന്‍ തീരുമാനിച്ചു. സൈനികന്റെ മനസും സാഹചര്യങ്ങളെ വിവേചിച്ചറിയുന്നതിന് സഹായിച്ചു. അതിന് ശേഷവും ഞാന്‍ നാല് പ്രാവശ്യം സനയിലേക്ക് പോയി. വിമാനത്താവളത്തില്‍വച്ച് പലരും എന്നെ തിരിച്ചറിഞ്ഞുതുടങ്ങി. അതത് സ്ഥലത്തുവച്ചുതന്നെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ അതെന്നെ ഏറെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: