വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ ആറ്റൂര്‍ മനപ്പടിയിലും, എരുമപ്പെട്ടി കാഞ്ഞിരക്കോടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആറ്റൂര്‍ മനപ്പടിയില്‍ മരലോറി റോഡിന് കുറുകെ മറിഞ്ഞു. വടക്കാഞ്ചേരി -ചാവക്കാട് സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് വളവില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലേയ്ക്ക് ഓടികയറിയുമാണ് അപകടങ്ങള്‍.
ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് അപകടങ്ങളും നടന്നത്. മലപ്പുറം ജില്ലയിലെ അരീക്കോട് മുക്കത്ത് നിന്ന് പെരുമ്പാവൂരിലേയ്ക്ക് റബ്ബര്‍ തടിയുമായി പോയിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുറകിലെ ടയര്‍ പൊട്ടിതെറിച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ലോറി സമീപത്തെ ഒരു വീട്ടിലേയ്ക്ക് ഓടികയറാതിരിക്കാന് ഡ്രൈവര്‍ വെട്ടിച്ചതോടെ റോഡിന് കുറുകെ മറിയുകയായിരുന്നു. ഡ്രൈവര്‍ അബ്ദുസലാം. സഹായി സതീശന്(32)എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്. ഇതില്‍ സതീശനാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം വാഹനഗതാഗം തടസ്സപ്പെട്ടു.തൃശൂരില്‍നിന്ന് ക്രെയിന്‍ യൂണിറ്റ് എത്തി ലോറി മാറ്റിയതിന് ശേഷമാണ് വാഹനഗതാഗതം പുനസ്ഥാപിച്ചത്.
കാഞ്ഞിരക്കോട് വളവില്‍ നടന്ന അപകടത്തില്‍ തളി സ്വദേശി അബൂബക്കറി(40)നാണ് പരുക്കേറ്റത്. പുലര്‍ച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് ചികിത്സാര്‍ത്ഥം പോവുകയായിരുന്നു. അബൂബക്കര്‍ കാറിന്റെ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ കാഴ്ച മറയുകയായിരുന്നു. ഇടിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് തകര്‍ന്നു. കാറിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: