മരട്: കൊച്ചി റിഫൈനറി രണ്ടാം ഘട്ട വിപുലീകരണത്തിനായി റോഡു മാര്‍ഗം കൊണ്ടു പോയ കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ തട്ടി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും നാശം വരുത്തിയതിന് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്കെതിരെ നോട്ടീസ്.
മരട്, എരൂര്‍, തൃപ്പൂണിത്തുറ, ചോറ്റാനിക്കര സെക്ഷന്‍ ഓഫീസുകളില്‍ നിന്നുമാണ് നോട്ടീസ് നല്‍കിയത്. പ്രത്യേക അനുമതിയോടെ യന്ത്ര സാമഗ്രികള്‍ കൊണ്ടു പോവുകയായിരുന്ന ഒരു കമ്പനിയുടെ മറവിലായിരുന്നു മറ്റുള്ളവയും കൊണ്ടു പോയത്.
നേരത്തേ സാമഗ്രികള്‍ കൊണ്ടുപോയി കൊച്ചിയിലെ റോഡ് പരിചയമുള്ള കമ്പനിക്കായിരുന്നു അനുമതി. ഇവരെ കടത്തി വിടാതെ റൂട്ട് പരിചയം ഇല്ലാത്ത കമ്പനിയുടെ വണ്ടികള്‍ ട്രാഫിക് പോലീസ് കടത്തി വിട്ടതാണ് വ്യാപകമായ നാശം വരുത്തിയത്. ഇതുവരെ പോയതില്‍ ഏറ്റവും കൂടുതല്‍ വെസലുകള്‍ കടന്നു പോയത് ഞായറാഴ്ച ആയിരുന്നു.
റോഡ് ടാക്‌സ് അടക്കാതെ അവിടവിടെ പിടിച്ചിട്ടിരിക്കുകയായിരുന്ന എല്ലാ കൂറ്റന്‍ വെസലുകളും ഞായറാഴ്ച ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ കടത്തി. അടുത്ത രണ്ടു ആഴ്ചകളും സാമഗ്രികള്‍ കൊണ്ടു പോകുന്നുണ്ട്.
അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചരക്കു വാഹനങ്ങള്‍ കേരളത്തില്‍ ചരക്കു കയറ്റിറക്കു നടത്തുമ്പോള്‍ അടക്കേണ്ട ലക്ഷങ്ങള്‍ വെട്ടിക്കാനാണ് അനുമതിയുള്ള വാഹനത്തിനു പിന്നിലൂടെ ഇവയും കടത്തുന്നത്. കൊച്ചിന്‍ പോര്‍ട്ടിനുള്ളിലാണ് ഇവ പാര്‍ക്കു ചെയ്യുന്നത് എന്നതിനാല്‍ അധികൃതര്‍ക്കും നടപടി എടുക്കാന്‍ പറ്റാറില്ല.
വികസന പദ്ധതിയുടെ കാര്യമെന്നു കരുതി അധികൃതര്‍ കണ്ണടയ്‌ക്കുന്നത് അന്യ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ വളമാക്കിയിരിക്കുകയാണ്. ടാക്‌സും വിവിധ വകുപ്പുകളില്‍ അടക്കേണ്ട ഫീസുകളും ചേര്‍ത്താണ് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികള്‍ റിഫൈനറിയില്‍ നിന്നും പണം ഈടാക്കുന്നത്. സര്‍ക്കാര്‍ ഖജനാവിലേക്കു പോകേണ്ട തുകയാണ് സൂത്രത്തില്‍ ഇതര സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ടിംഗ് ലോബികള്‍ അടിച്ചു മാറ്റുന്നത്.
















