427. കാമേശപാണിഗ്രഹണകൃതാര്‍ത്ഥാഃ കാമേശ്വരനായ ശ്രീപരമേശ്വരന്റെ പാണിഗ്രഹണംകൊണ്ടു കൃതാര്‍ത്ഥയായവള്‍. ദേവിയെക്കൂടാതെ ശ്രീപരമേശ്വരന് സൃഷ്ടിസ്ഥിതി ലയരൂപമായ പ്രപഞ്ചപ്രവര്‍ത്തനം സാദ്ധ്യമല്ല. ജഗജ്ജനനിയായ മൂകാംബികയ്‌ക്കു പ്രവൃത്തിക്കുള്ള ആധാരം കാമേശനാണ്. കാമേശ്വരനും കാമേശ്വരിയുമായുള്ള ബന്ധം രണ്ടുപേര്‍ക്കും കൃതാര്‍ത്ഥത ഉണ്ടാക്കുന്നതാണ്.
428. കാമമാതൃകാഃ കാമദേവന്റെ മാതാവായവള്‍. പല ജന്മങ്ങളില്‍ കാമദേവന്‍ ദേവിയുടെ പുത്രനായി ജനിക്കുന്നുണ്ട്. ലളിതാദേവി കാമേശ്വരനുമായുള്ള വിവാഹം കഴിഞ്ഞ് രാജരാജേശ്വരിയായി ഭര്‍ത്തൃസമേതയായി സിംഹാസനേശ്വരിയായി എല്ലാ ദേവീദേവന്മാരാലും സേവിക്കപ്പെട്ടവളായി വിരാജിക്കുമ്പോള്‍ വിധവാ വേഷത്തില്‍ ഒരു മൂലയില്‍ ഒതുങ്ങിനില്‍ക്കുന്ന രതീദേവിയെ കണ്ടു. വിരഹിണിയായ രതിയെ കണ്ടുണ്ടായ കാരുണ്യത്തോടെ ദേവി കാമേശ്വരനെ കടാക്ഷിച്ചു. ആ നോട്ടത്തില്‍നിന്ന് കാമദേവന്‍ വീണ്ടും ജനിച്ചു. അങ്ങനെ ദേവി കാമദേവന്റെ അമ്മയായി.
മഹാവിഷ്ണുവിന്റെ ശ്രീകൃഷ്ണാവതാരത്തില്‍ ശ്രീകൃഷ്ണന്റെയും രുഗ്മിണിദേവിയുടെയും പുത്രനായി കാമദേവന്‍ ജനിച്ചു. പ്രദ്യുമനന്‍ എന്നപേരില്‍ കാമദേവന്‍ പ്രഖ്യാതനായി.
‘കാമമാതൃക’ എന്ന നാമത്തെ കാമത്തിനു മാതാവായവള്‍ എന്നും വ്യാഖ്യാനിക്കാം. കാമം ആഗ്രഹമാണ്. ഏതാഗ്രഹവും കാമമാണ്. പല ആഗ്രഹങ്ങള്‍ നിരന്തരമായി ജീവികളുടെ മനസ്സില്‍ ദേവി ജനിപ്പിച്ചുകൊണ്ടിരിക്കും. ആഹാരനീഹാരാദികളായ ശാരീരികാവശ്യങ്ങള്‍ തൊട്ട് രാജ്യത്തിന്റെയും സാമ്രാജ്യത്തിന്റെയും ലോകത്തിന്റെയും ആധിപത്യംവരെയുള്ള നിരവധി ആഗ്രഹങ്ങള്‍ സാധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ സമഗ്രതയാണു പ്രപഞ്ച പ്രവര്‍ത്തനം എന്നുപറയാം. ജീവികളില്‍ കാമങ്ങള്‍ ഉണ്ടാക്കുന്നവളാകയാലും മൂകാംബികാദേവി കാമമാതൃകയാണ്.
429. ദണ്ഡദൈത്യവധോദ്യുക്താഃ ദണ്ഡന്‍ എന്ന ദൈത്യനെ വധിക്കാന്‍ ഉദ്യമിച്ചവള്‍ 407-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ ദണ്ഡാസുരന്റെ ജനനത്തെയും പരാക്രമത്തെയും കുറിച്ചു പരാമര്‍ശിച്ചിരുന്നു. എല്ലാ ദേവന്മാരെയും സ്ഥാനഭ്രഷ്ടരാക്കിയ ദണ്ഡാസുരനെ വധിക്കാന ദേവി തീരുമാനിച്ചു.
430. ദേവസേനാപരിവൃതാഃ ദേവസേനയാല്‍ ചുറ്റപ്പെട്ടവള്‍. ദേവി ഭണ്ഡാരത്തിനു തുനിഞ്ഞപ്പോള്‍ ദേവസൈന്യം ദേവിയെ സഹായിക്കാന്‍ അണിനിരന്നു.
















