ശ്രീകൃഷ്ണന്റെ ജ്ഞാനത്തിലും ഐശ്വര്യത്തിലും അര്‍ജുനനു വിശ്വാസം ഉണ്ടായിരുന്നു ഭഗവാന്‍ അജയ്യനായ യോദ്ധാവാണെന്നും നീതിജ്ഞനാണെന്നും അചിത്യശക്തിയുക്തനാണെന്നും അര്‍ജുനന്‍ ഇതിനു മുമ്പും ഗ്രഹിച്ചിട്ടുണ്ട്.
പക്ഷേ ഭഗവാന്റെ വിശ്വരൂപം ദര്‍ശിച്ചപ്പോഴാണ് പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിസംഹാര കര്‍ത്താവായ പരമേശ്വരനാണെന്നുള്ള ബോധം അര്‍ജുനന്റെ ഹൃദയത്തില്‍ നല്ലതുപോലെ ഉറച്ചത് അര്‍ജുനന്റെ ഇങ്ങനെയുള്ള പ്രാര്‍ത്ഥനകേട്ട് സന്തുഷ്ടനായ ഭഗവാന്‍ തന്റെ മനുഷ്യരൂപം തന്നെ കൈക്കൊണ്ട് അര്‍ജുനനെ ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടുപറഞ്ഞു.
”അല്ലയോ അര്‍ജുനാ, എന്നില്‍ ഉറച്ച ഭക്തികൊണ്ടു മാത്രമേ എന്റെ യഥാര്‍ത്ഥരൂപം അറിയുന്നതിനും പ്രത്യക്ഷമായി കാണുന്നതിനും, എന്റെ സ്വരൂപത്തില്‍ പ്രവേശിക്കുന്നതിനും കഴിവ് ഉണ്ടാകയുള്ളൂ.
എന്നെ ഉദ്ദേശിച്ചു കര്‍മ്മം ചെയ്ത് അതിന്റെ ഫലം എന്നില്‍ത്തന്നെ അര്‍പ്പിക്കുവാനും എന്നെ പ്രാപിക്കുന്നത് പരമപുരുഷാര്‍ത്ഥമായി കരുതുന്നവനും എന്നില്‍ ഉറച്ച പ്രേമമുള്ളവനും ഒരു പ്രാണിയോടും ദ്വേഷമില്ലാത്തവനും മാത്രമേ എന്നോട് ഐക്യപ്പെട്ട് ശ്രേയോരൂപമായ മുക്തി അടയുകയുള്ളൂ. അതിനാല്‍ നീ എന്നില്‍ മനസ്സും ബുദ്ധിയും ഉറപ്പിക്കുക. എന്നാല്‍ നിനക്കു മരണശേഷം എന്നില്‍ത്തന്നെ നിവസിക്കാം. ഇതില്‍ യാതൊരു സംശയവും ഇല്ല”.
…. തുടരും
















