പറവൂര്‍: പതിനാല്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പള്ളിവികാരിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടികാണിക്കുന്നു വെന്ന് ബന്ധുക്കള്‍. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പുത്തന്‍വേലിക്കര ചറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാതാപള്ളി വികാരി ഫാ.എഡ്വിന്‍ ഫിഗറസ് (41) 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പള്ളിമേടയല്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കി അഞ്ച് ദിവസം കഴിഞ്ഞെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുകയാണ്. അതേസമയം പീഡനത്തിനിരയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്യല്‍ എന്ന പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പെണ്‍കുട്ടിയെ പള്ളിമേടയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു. ഈ വികാരി ഇദ്ദേഹം ഗായകനും, ധ്യാനഗുരുവും, ദിവ്യത്വം ഉള്ള ആളാണെന്നാണ് ഇടവകയിലെ വിശ്വാസികള്‍ പറയുന്നത്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ഒക്കെ ഒറ്റയ്‌ക്ക് വിളിച്ച് ധ്യാനം നടത്താറുണ്ടത്രെ. ഇതിനിടയിലാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മറ്റുപലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നാണ് ആളുകള്‍ അടക്കം പറയുന്നത്. നാണക്കേട് ഭയന്ന് പുറത്ത് പറയാന്‍ മടിക്കുകയാണ് ഇവര്‍.
മുമ്പ് പള്ളിമേടയില്‍ അനാശാസ്യം കണ്ടനാട്ടുകാര്‍ പള്ളികമ്മിറ്റിയെ വിവരം അറിയിക്കുകയും വികാരിയെവിളിച്ച് മേലില്‍ ഇത് ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ് വിഷയം ഒതുക്കി തീര്‍ത്തതാണ്. പിന്നീട് ഫാദര്‍ തന്റെ ദിവ്യത്വം കാണിക്കാന്‍ തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായിവന്നത്. വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.മനോജ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എവിടേയും എത്തിയില്ല. അരമനയിലും പോലീസിലും ഉന്ന രാഷ്‌ട്രീയക്കാരിലും ഉള്ള സ്വാധീനമാണ് വികാരിയെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടയിലും പള്ളിവികാരി ഇടവകയിലുള്ള തന്റെ അടുപ്പക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നാണ് അറിവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പള്ളിവികാരിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് നാട്ടുകാര്‍.
















