മണ്ണഞ്ചേരി: യമനില്‍ നടക്കുന്ന അഭ്യന്തരയുദ്ധത്തേതുടര്‍ന്ന് അവിടെ കുടുങ്ങി കിടന്ന മണ്ണഞ്ചേരി പഞ്ചായത്തില്‍ 17-ാം വാര്‍ഡ് പരപ്പില്‍വീട്ടില്‍ അഷറഫിന്റെ മകന്‍ ആഷിക്ക് (31) ഏപ്രില്‍ രണ്ടിന് ഉച്ചയ്‌ക്ക് 12.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു. മകന്റെ മടങ്ങിവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന അമ്മ നസീമയും ഭാര്യ ഷെഫിനയുടേയും അടുത്ത് ആഷിക്ക് എത്തിയപ്പോള്‍ പരപ്പില്‍ വീട്ടില്‍ ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും സുന്ദരനിമിഷങ്ങളായിരുന്നു.
യമനില്‍ നിന്ന് കപ്പല്‍മാര്‍ഗം ദ്വൂപത്തിലെത്തി അവിടെ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ മുമ്പൈയിലും അവിടെ നിന്ന് യമനിലെ കമ്പനി അയച്ചു നല്‍കിയ എയര്‍ ടിക്കറ്റ് ഉപയോഗിച്ച് നെടുമ്പാശേരിയില്‍ എത്തുകയായിരുന്നു എന്ന് ആഷിക്ക് പറഞ്ഞു. യുദ്ധവിമാനങ്ങളുടെ കാതടിപ്പിക്കുന്ന ഇരമ്പലും ബോംബിങ്ങിന്റെയും യന്ത്രത്തോക്കുകളുടേയും ശബ്ദവും മൂലം ഭീതിദമായ യമനില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്‍ നാടിന്റെ സുരക്ഷിതത്വത്തില്‍ എത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആഷിക്കും ബന്ധുക്കളും.
















