ആലപ്പുഴ: സമൂഹത്തിലെ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ മധ്യസ്ഥ അനുരഞ്ജന കേന്ദ്രങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ജഡ്ജി ആന്റണി ഡൊമിനിക്ക് പറഞ്ഞു. ജില്ലാ മദ്ധ്യസ്ഥ-അനുരഞ്ജനകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ കോടതിവളപ്പില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു നീതിന്യായ വ്യവസ്ഥയുടെയും വിജയം കാലതാമസമില്ലാതെ പരാതിക്കാരന് പ്രശ്ന പരിഹാരം ലഭ്യമാക്കുകയാണ്. പലകാരണങ്ങളാലുള്ള കേസുകളുടെ ആധിക്യം കോടതിപ്രവര്ത്തനങ്ങളെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ട്. ഇതിന് ഒരു പരിഹാരമാര്‍ഗമാണ് അനുരഞ്ജനം. സാധാരണ കോടതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായുള്ള തര്ക്കപരിഹാരമാണ് മധ്യസ്ഥ-അനുരഞ്ജന കേന്ദ്രങ്ങള്‍ വഴി നടക്കുക. കേരളത്തില്‍ 33 ശതമാനമാണ് അനുരഞ്ജനം വഴിയുള്ള പ്രശ്ന പരിഹാരത്തിന്റെ വിജയശതമാനം. 2009ല്‍ 672 കേസുകള്‍ പരിഹരിച്ച സ്ഥാനത്ത് 2014 ല്‍ 4899 കേസുകള്‍ അനുരഞ്ജനം വഴി പരിഹരിക്കാനായി. ജനങ്ങള്‍ കൂടുതലായി ഇതിനെ അംഗീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു.
അമ്പലപ്പുഴ താലൂക്ക് നിയമ സേവന കമ്മറ്റി, ജില്ലാ മധ്യസ്ഥ അനുരഞ്ജനകേന്ദ്രം എന്നിവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ജസ്റ്റിസ് പി.ആര്.രാമചന്ദ്രമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. രാമകൃഷ്ണന്, ഹൈക്കോടതി മുന്‍ ജഡ്ജി സിരിജഗന്, ജില്ലാ ജഡ്ജി മേരി ജോസഫ്, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, ഹൈകോര്‍ട്ട് മീഡിയേഷന് സെന്റര്‍ ഡയറക്ടര്‍ കെ. സത്യന്, ദില്‍സ സെക്രട്ടറിയും സബ് ജഡ്ജുമായ എ. ഷാജഹാന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ആര്. ഉണ്ണികൃഷ്ണന്, ഗവ. പ്ലീഡര്‍ ആര്. സനല്‍കുമാര്‍, മീഡിയേറ്റര്‍ അഡ്വ. കെ. ജയകുമാര്‍, പിഡബ്ല്യുഡി എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എസ്. ദീപു, അഡ്വക്കേറ്റ്സ് ക്ലാര്‍ക്ക്സ് അസോസിയേഷന് പ്രസിഡന്റ് മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. 95 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: